ലോകകിരീടം ചൂടിയതിനു പിന്നാലെ ഇന്ത്യൻ ടീമിനെ കാത്തിരിക്കുന്നത് മത്സരങ്ങളുടെ പെരുമഴയാണ്. അടുത്ത ഒരു വർഷത്തിനുള്ളിൽ ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ന്യൂസിലൻഡ്, ജപ്പാൻ (ഏഷ്യൻ ഗെയിംസ്) തുടങ്ങി വിവിധ രാജ്യങ്ങളിൽ ഇന്ത്യ പര്യടനം നടത്തും. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ സഹായിക്കുന്നതിനായി അധിക മത്സരങ്ങൾ കളിക്കാനും ബി സി സി ഐ ആലോചിക്കുന്നുണ്ട്.
കഴിഞ്ഞ നവംബറിൽ ‘ദിത്വ’ ചുഴലിക്കാറ്റിൽ തകർന്ന ശ്രീലങ്കയുടെ പുനരുദ്ധാരണത്തിനായി ധനസമാഹരണം നടത്താൻ മൂന്ന് ടി 20 മത്സരങ്ങൾ കളിക്കണമെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ഇന്ത്യയോട് അഭ്യർത്ഥിച്ചിട്ടുണ്ട്. നിലവിൽ നിശ്ചയിച്ചിട്ടുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങൾക്ക് മുന്നോടിയായി ജൂലൈ – ഓഗസ്റ്റ് മാസങ്ങളിൽ ഈ ടി 20 പരമ്പര നടന്നേക്കും.
ജൂലൈ 1 മുതൽ 19 വരെ ഇംഗ്ലണ്ടിൽ നടക്കുന്ന മൂന്ന് ഏകദിനങ്ങളും അഞ്ച് ടി 20കളും അടങ്ങുന്ന പരമ്പരയ്ക്കായി ഇന്ത്യ പോകും. ഇതിന് മുന്നോടിയായി ജൂൺ അവസാന വാരം അയർലൻഡിൽ മൂന്ന് ടി 20 മത്സരങ്ങൾ കളിക്കാനുള്ള ചർച്ചകളും പുരോഗമിക്കുകയാണ്. ഇതിനു മുൻപ് ജൂൺ 6 മുതൽ 20 വരെ അഫ്ഗാനിസ്ഥാനുമായി ഒരു ടെസ്റ്റും മൂന്ന് ഏകദിനങ്ങളും ഇന്ത്യയിൽ വച്ച് നടക്കും.
