നിയമസഭാ തിരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന് ആരോടും പറഞ്ഞിട്ടില്ലെന്നും പറയാത്തതും അറിയാത്തതുമായ കാര്യങ്ങൾ പലതും മാധ്യമങ്ങൾ നൽകുകയാണെന്നും മുൻമന്ത്രി ജി സുധാകരൻ. ഇപ്പോൾ നടക്കുന്നതെല്ലാം പ്രചാരണങ്ങൾ മാത്രമാണെന്നും ഇന്ന് അദ്ദേഹത്തിന്റെ വീട്ടിൽ നടന്ന വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ഏറെക്കാലമായി ജി സുധാകരൻ സി പി ഐ (എം) നേതൃത്വവുമായി അകന്നു നിൽക്കുകയാണ്. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരം ബുധനാഴ്ച വൈകീട്ട് അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേർന്നശേഷം കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാതയുടെ നേതൃത്വത്തിൽ ജില്ലാ സെക്രട്ടറി ആർ നാസറും എം എൽ എ.മാരായ എച്ച് സലാം, പി പി ചിത്തരഞ്ജൻ എന്നിവർ ഒഴികെയുള്ള സെക്രട്ടേറിയറ്റംഗങ്ങൾ സുധാകരനെ വീട്ടിൽ സന്ദർശിച്ചിരുന്നു. മുഖ്യമന്ത്രി, സുധാകരനെ ഫോണിൽ വിളിച്ചതായും സൂചനയുണ്ട്.
