സംസ്ഥാനത്ത് പാചകവാതക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ധനമന്ത്രി കെ എൻ. ബാലഗോപാൽ, ഭക്ഷ്യ മന്ത്രി ജി ആർ അനിൽ, തദ്ദേശവകുപ്പ് മന്ത്രി എം ബി രാജേഷ്, ചീഫ് സെക്രട്ടറി, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ, എണ്ണ കമ്പനി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
സംസ്ഥാനത്ത് പലയിടത്തും പാചകവാതക ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ പല ഹോട്ടലുകൾ അടച്ചുപൂട്ടേണ്ട അവസ്ഥയിലാണ്. പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാൻ പരിശോധനയും കർശനമാക്കിയിട്ടുണ്ട്. പാചകവാതക വിതരണത്തിലെ പ്രതിസന്ധി മറികടക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു. മുൻഗണനാ ക്രമം അനുസരിച്ച് ആശുപത്രി, സ്കൂൾ എന്നിവക്ക് പ്രഥമ പരിഗണന നൽകണമെന്ന നിർദേശം നൽകിയിരുന്നു.
