കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് വിഷുവിനു ശേഷം. ഇന്നു കൊച്ചിയിലെത്തിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ നാളെയും മറ്റന്നാളുമായി ഔദ്യോഗിക യോഗങ്ങൾ പൂർത്തിയാക്കി ഡൽഹിയിലേക്കു മടങ്ങും. തുടർന്ന് 9, 10 തീയതികളിൽ ബംഗാൾ സന്ദർശിക്കും. ഇതിനു ശേഷമാകും തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കുക. കേരള നിയമസഭയുടെയും അസം നിയമസഭയുടെയും കാലാവധി മേയ് 23 നാണ് അവസാനിക്കുക. തമിഴ്‌നാട് – മേയ് 10, ബംഗാൾ – മേയ് 7, പുതുച്ചേരി – ജൂൺ 15 എന്നിങ്ങനെയാണ് മറ്റു സംസ്‌ഥാന നിയമസഭകളുടെ കാലാവധി.
സമഗ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിലൂടെ തയാറാക്കിയ വോട്ടർപട്ടികയാണ് അസം ഒഴികെ സംസ്‌ഥാനങ്ങളിൽ ഉപയോഗിക്കുക. കേരളം, തമിഴ്‌നാട്, പുതുച്ചേരി, ബംഗാൾ സംസ്ഥാനങ്ങളിൽ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചെങ്കിലും ബംഗാളിലെ പട്ടിക യഥാർഥത്തിൽ അന്തിമമായിട്ടില്ല. 61 ലക്ഷത്തോളം പേരാണ് സംശയപ്പട്ടികയിലുള്ളത്. സുപ്രീം കോടതി നിർദേശപ്രകാരം നിയോഗിക്കപ്പെട്ട ജുഡീഷ്യൽ ഉദ്യോഗസ്‌ഥർ പട്ടിക പരിശോധിച്ച ശേഷമായിരിക്കും ഇവർക്ക് വോട്ടു ചെയ്യാൻ സാധിക്കുമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക.
