ഗതാഗത നിയമലംഘനം : 3,04,150 രൂപ പിഴചുമത്തി

At Malayalam
1 Min Read

സീബ്രാ ക്രോസിംഗുകളിൽ കാൽനടയാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിനും ഡ്രൈവർമാരുടെ അച്ചടക്കം ഉറപ്പാക്കുന്നതിനുമായി സംസ്ഥാനത്തുടനീളം ‘വൈറ്റ്‌ലൈൻ – ലൈഫ്‌ലൈൻ’ എന്ന പേരിൽ ട്രാഫിക് പൊലീസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ 46 ,926 വാഹനങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കി.

ഇതിൽ 1215 വാഹനങ്ങൾ സീബ്രാ ക്രോസിൽ നിയമലംഘനം നടത്തിയതായി കണ്ടെത്തി, 3,04,150 രൂപ പിഴ ചുമത്തുകയും ചെയ്തു. 2025 ഫെബ്രുവരി 25 മുതൽ 28 വരെയുള്ള കാലയളവിലാണ് സ്പെഷ്യൽ ഡ്രൈവ് നടത്തിയത്.

ഈ കാലയളവിൽ സംസ്ഥാന വ്യാപകമായി കാൽനടയാത്രക്കാരുടെ സുരക്ഷ വർധിപ്പിക്കുന്നതിലും ഗതാഗത നിയമങ്ങൾ പാലിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു സ്പെഷ്യൽ ഡ്രൈവ്.

നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രധാന ജംഗ്ഷനുകളിലും അപകട സാധ്യതയുള്ള സ്ഥലങ്ങളിലും തിരക്കേറിയ കാൽനട ഇടനാഴികളിലും എൻഫോഴ്‌സ്‌മെന്റ് ടീമുകളെ വിന്യസിച്ചു പരിശോധന നടത്തി.

- Advertisement -

കാൽനടയാത്രക്കാർ റോഡ് മറികടക്കുമ്പോൾ വേഗത കുറയ്ക്കാത്ത വാഹനങ്ങൾ, അമിത വേഗതയിൽ വാഹനമോടിക്കൽ, കാൽനടയാത്രക്കാർക്ക് നിയമപരമായി അനുശാസിക്കുന്ന വഴിയുടെ അവകാശം അവഗണിക്കൽ എന്നിവയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ചു.

സീബ്ര ക്രോസിംഗ്, സുരക്ഷിതമായ ഡ്രൈവിംഗ് തുടങ്ങിയവയുടെ പ്രാധാന്യത്തെക്കുറിച്ച് റോഡ് ഉപയോക്താക്കളെ ബോധവൽക്കരിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകി. സമാനമായ സ്പെഷ്യൽ ഡ്രൈവുകൾ തുടരുകയും ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യുന്നതാണ്.

ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്‌മെന്റ് ഇൻസ്‌പെക്ടർ ജനറലിന്റെ നിർദ്ദേശപ്രകാരം ജില്ലാ പൊലീസ് മേധാവികൾ, ട്രാഫിക് സോണൽ പൊലീസ് സൂപ്രണ്ടുമാർ, ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് യൂണിറ്റുകൾ എന്നിവരുടെ സജീവ പങ്കാളിത്തത്തോടെയായിരുന്നു ഈ സ്പെഷ്യൽ ഡ്രൈവ്.

ട്രാഫിക് നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, ട്രാഫിക് & റോഡ് സേഫ്റ്റി മാനേജ്മെൻറിൻ്റെ റോഡ് സുരക്ഷാ സംരംഭമായ ശുഭയാത്ര വാട്സ്ആപ്പ് നമ്പർ (974700 1099) മുഖേന നിയമലംഘനങ്ങളുടെ ഫോട്ടോ, ഓഡിയോ, വീഡിയോ, എന്നിവയോടൊപ്പം നിയമലംഘനം നടന്ന ജില്ല, സ്ഥലം, തീയതി, സമയം, വാഹനത്തിൻ്റെ നമ്പർ ഉൾപ്പെടെ പൊതുജനങ്ങൾക്ക് അറിയിക്കാവുന്നതാണ്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment