പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്‌ എല്ലാപിന്തുണയും നൽകുമെന്ന് മുഖ്യമന്ത്രി

At Malayalam
1 Min Read

പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ നാട്ടിലെത്തേണ്ടവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുമാണ് സർക്കാർ മുന്തിയ പരിഗണന നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന് ആവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്നും കേന്ദ്ര സർക്കാറിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ സംസ്ഥാനത്തിന് കഴിയുന്ന എല്ലാ പിന്തുണയും നൽകും. എല്ലാ വ്യത്യാസങ്ങളും മാറ്റിവച്ച് ഒരുമയോടെ പ്രവർത്തിക്കേണ്ടത് അനിവാര്യമായ ഘട്ടമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ചു ചേർത്ത ഗൾഫ് ലോക കേരള സഭ പ്രതിനിധികളുടെ ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിമാനസർവീസുകൾ, റീഫണ്ട്, അമിത വിമാനക്കൂലി, ചാർട്ടേ‍‍ഡ് വിമാനങ്ങൾ, ട്രാൻസിറ്റ് ടൂറിസ്റ്റ് യാത്രക്കാർ തുടങ്ങിയവരുടെ വിഷയങ്ങളും കേന്ദ്രസർക്കാറിന്റെ ശ്രദ്ധയിൽപെടുത്തും. ഇന്ത്യയുമായി വിപുലമായ വ്യാപാര വാണിജ്യ ബന്ധങ്ങളുള്ളതാണ് ഗൾഫ് മേഖല. ഈ മേഖലയിലെ പ്രതിസന്ധി സംസ്ഥാനത്തെ സാധാരണ ജനജീവിതത്തെ പോലും ബാധിക്കാൻ സാധ്യതയുണ്ട്‌. പ്രവാസികൾ താമസിക്കുന്ന രാജ്യങ്ങളിലെ ഭരണകൂടവും ഇന്ത്യൻ എംബസികളും നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. അടിസ്ഥാനരഹിതമായ വാർത്തകളും കിംവദന്തികളും വിശ്വസിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചീഫ് സെക്രട്ടറി ഡോ.എ ജയതിലക്, നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, നോർക്ക റൂട്ടസ് ഡയറക്ടർമാരായ ഡോ. ആസാദ് മൂപ്പൻ , ഒ വി മുസ്തഫ, ജെ കെ മേനോൻ, സി വി റപ്പായി, നോർക്ക സെക്രട്ടറി ടി വി അനുപമ, ലോകകേരള സഭ ഡയറക്ടർ ആസിഫ് കെ യൂസഫ്, നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി, ലോക കേരള സഭ അംഗങ്ങളായ ഗൾഫാർ മുഹമ്മദലി, കെ പി ഹുസൈൻ, പി വി രാധാകൃഷ്ണ പിളള, പുത്തൂർ റഹ്മാൻ, ബിജു കല്ലുമല തുടങ്ങി 143 പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. നിലവിലെ സാഹചര്യത്തിൽ ആശങ്കയുണ്ടെങ്കിലും സുരക്ഷിതരാണെന്നും ഭയപ്പെടുത്തുന്ന അന്തരീക്ഷമില്ലെന്നും പങ്കെടുത്ത ലോക കേരള സഭാ പ്രതിനിധികൾ അറിയിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment