ഒമാനിലും മറ്റ് ജി സി സിരാജ്യങ്ങളിലുമുള്ള പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് മാർച്ച് 2 ന് നടത്താൻ നിശ്ചയിച്ചിരുന്ന സി ബി എസ് ഇ ബോർഡ് പരീക്ഷകൾ മാറ്റിവച്ചതായി അധികൃതർ അറിയിച്ചു. പ്രദേശത്തെ നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ചാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.
ബഹ്‌റൈൻ, ഇറാൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു എ ഇ എന്നിവിടങ്ങളിലെ സി ബി എസ് ഇ അനുബന്ധ സ്കൂളുകൾക്ക് ഈ മാറ്റം ബാധകമാണ്. പരീക്ഷകൾക്ക് പുതിയ തീയതികൾ പിന്നീട് ഔദ്യോഗികമായി അറിയിക്കുമെന്ന് ബോർഡ് വ്യക്തമാക്കി.
ഒമാനിൽ മാത്രം ഈ വർഷം 10-ാം ക്ലാസിലും 12-ാം ക്ലാസിലും ചേർന്ന ആയിരക്കണക്കിന് വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മേഖലയിൽ നടപ്പിലാക്കിയ മുൻകരുതൽ നടപടികളുടെ പശ്ചാത്തലത്തിലാണ് പരീക്ഷ മാറ്റിവെച്ചതെന്ന് അറിയുന്നു.
വിദ്യാർത്ഥികളും മാതാപിതാക്കളും അതത് സ്കൂളുകളുമായി ബന്ധപ്പെടുകയും സി ബി എസ് ഇയുടെ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധാപൂർവ്വം പിന്തുടരുകയും ചെയ്യണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
