ആനക്കൊമ്പ് കത്തിക്കുന്നതിൻ്റെ വിപണന സാധ്യത പരിശോധിച്ച് സർക്കാർ. കത്തിച്ച ശേഷമുള്ള ചാരത്തിന്റെ വിപണന സാധ്യതയാണ് പരിശോധിക്കുന്നത്. ചാരം ആവശ്യപ്പെട്ട് ഔഷധ കമ്പനികൾ സമീപിച്ചതായി വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. വനം വകുപ്പിന്റെ കൈവശം 260 കോടി രൂപയുടെ ആനക്കൊമ്പുകളാണുള്ളത്. ചർച്ച ചെയ്തശേഷം അന്തിമ തീരുമാനം എടുക്കുമെന്നും എ കെ ശശീന്ദ്രൻ വ്യക്തമാക്കി. വന്യജീവി ആക്രമത്തിൽ മരണപ്പെടുന്നവരുടെ എണ്ണം കുറച്ചു കൊണ്ടു വരാൻ കഴിഞ്ഞിട്ടുണ്ടെന്നും പാമ്പുകടിയേറ്റ് മരിക്കുന്നവരുടെ എണ്ണവും കുറഞ്ഞുവരികയാണെന്നും മന്ത്രി പറഞ്ഞു.
മാർച്ച് 31 ആകുമ്പോഴേക്കും എല്ലാ നഷ്ടപരിഹാരത്തുകയും നൽകും. എല്ലാ രേഖകളും ഹാജരാക്കുന്നവർക്കാണ് തുക ലഭിക്കുക. 72 കോടി നഷ്ടപരിഹാരമായി നൽകി. 731.75 വിവിധ പദ്ധതികൾക്കായി ചെലവഴിച്ചു. വന്യജീവി അക്രമണത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്നായിരുന്നു ആരോപണം. എന്നാൽ ഇപ്പോൾ വനം വകുപ്പ് ഉദ്യോഗസ്ഥരെ കുറിച്ചുള്ള പരാതികൾ കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
