മുണ്ടക്കൈ – ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിന് കല്‍പ്പറ്റ ഏല്‍സ്റ്റണിലെ മാതൃകാ ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരി 25 വൈകിട്ട് നാലിന് ഏല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നടക്കുന്ന പരിപാടിയില്‍ ടൗണ്‍ഷിപ്പിന്റ ആദ്യഘട്ട ഉദ്ഘാടനം, ഗുണഭോക്താക്കള്‍ക്ക് പട്ടയ വിതരണം എന്നിവ നിര്‍വഹിക്കും.
ജില്ലയിലെ ഭൂപ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയില്‍ വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ഏജന്‍സികളുടെയും തൊഴിലാളികളുടെയും ഏകോപിതമായ പ്രവര്‍ത്തനത്തിലൂടെയാണ് ടൗണ്‍ഷിപ്പ് യാഥാര്‍ഥ്യമാകുന്നത്. ഏല്‍സ്റ്റണിലെ ടൗൺഷിപ്പിൽ 410 വീടും അനുബന്ധ സൗകര്യങ്ങളും വിഭാവനം ചെയ്തിട്ടുണ്ട്. അതിൻ്റെ ഭാഗമായി ഒന്നാംഘട്ടത്തില്‍ 178 വീടുകളാണ് പൂര്‍ത്തിയായത്. ദുരന്തത്തില്‍ പൂര്‍ണമായും വീട് നഷ്ടമായ കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ വീടുകള്‍ നല്‍കുന്നത്. പ്രകൃതി ദുരന്തങ്ങള്‍ അതിജീവിക്കാന്‍ സാധിക്കും വിധം ഏഴ് സെന്റ് ഭൂമിയില്‍ 1000 ചതുരശ്രയടിയില്‍ ഒറ്റ നിലയില്‍ പണിത കെട്ടിടങ്ങള്‍ ഭാവിയില്‍ ഇരു നില നിര്‍മ്മിക്കാനുള്ള അടിത്തറയോടെയാണ് തയ്യാറാക്കിയിരിക്കുന്നത്. പ്രധാന കിടപ്പുമുറി, രണ്ടു മുറികള്‍, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോര്‍ ഏരിയ എന്നിവ വീടിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64.4705 ഹെക്ടര്‍ ഭൂമിയാണ് ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഏറ്റെടുത്തത്. ടൗണ്‍ഷിപ്പില്‍ ഒരുങ്ങുന്ന 410 വീടുകളിലായി 1662 ലധികം ആളുകള്‍ക്കാണ് ഇതിലൂടെ തലചായ്ക്കാൻ ഇടമൊരുങ്ങുന്നത്. വീടുകള്‍ക്ക് പുറമെ പൊതു റോഡ്, ആരോഗ്യ കേന്ദ്രം, അങ്കണവാടി, പൊതുമാര്‍ക്കറ്റ്, കമ്മ്യൂണിറ്റി സെന്ററുകള്‍ എന്നിവയും ഇതിന്റെ ഭാഗമായുണ്ടാവും. ആരോഗ്യ കേന്ദ്രത്തില്‍ ലബോറട്ടറി, ഫാര്‍മസി, പരിശോധന – വാക്‌സിനേഷന്‍ – ഒബ്‌സര്‍വേഷന്‍ മുറികള്‍, ഒ പി, ടിക്കറ്റ് കൗണ്ടര്‍ എന്നീ സൗകര്യങ്ങളും സജീകരിക്കും. പൊതു മാര്‍ക്കറ്റില്‍ കടകള്‍, സ്റ്റാളുകള്‍, ഓപ്പണ്‍ മാര്‍ക്കറ്റ്, കുട്ടികള്‍ക്ക് കളി സ്ഥലം, പാര്‍ക്കിങ് എന്നിവ ഒരുക്കും. മര്‍ട്ടി പര്‍പ്പസ് ഹാള്‍, കളി സ്ഥലം, ലൈബ്രറി, സ്‌പോട്‌സ് ക്ലബ്ബ്, ഓപ്പണ്‍ എയര്‍ തിയേറ്റര്‍ എന്നിവ കമ്മ്യൂണിറ്റി സെന്ററില്‍ നിര്‍മ്മിക്കും. സോളാര്‍, മെമ്മോറിയല്‍, എം സി എഫ് എന്നിവയുമുണ്ടാകും.
അതിജീവിതര്‍ക്ക് സുരക്ഷിത ഇടം വാസയോഗ്യമാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഭൂമി ഏറ്റെടുക്കല്‍. 2025 മാര്‍ച്ച് 27 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ടൗണ്‍ഷിപ്പിന് തറക്കല്ലിട്ടു. എല്ലാം നഷ്ടമായ ഒരുകൂട്ടം ജനതയുടെ സ്വപ്നമാണ് ഏല്‍സ്റ്റണിലെ പുനരധിവാസ ടൗണ്‍ഷിപ്പ്. ടൗണ്‍ഷിപ്പിന്റെ ശേഷിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്.
കല്‍പ്പറ്റ ഏല്‍സ്റ്റണില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ റവന്യു വകുപ്പു മന്ത്രി കെ രാജന്‍ അധ്യക്ഷനാവും. മന്ത്രിമാരായ ഒ ആര്‍ കേളു, റോഷി അഗസ്റ്റിന്‍, എ കെ ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കെ ബി ഗണേഷ്‌കുമാര്‍, പി എ മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി, പ്രിയങ്ക ഗാന്ധി എം പി, ടി സിദ്ദിഖ് എം എല്‍ എ , ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, റവന്യു – ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം, ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ, ടൗണ്‍ഷിപ്പ് പ്രോജക്ട് സ്പെഷ്യല്‍ ഓഫീസര്‍ എസ് സുഹാസ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.
ടൗണ്‍ഷിപ്പില്‍ വീട് ലഭിക്കുന്നവര്‍ക്ക് ഏഴു സെന്റ് സ്ഥലത്തിെന്റ പട്ടയം, വൈദ്യുതി – കുടിവെള്ള കണക്ഷന്‍ എന്നിവ ഉറപ്പാക്കിയാണ് കൈമാറുന്നത്. ആദ്യഘട്ടത്തില്‍ കൈമാറുന്ന വീടുകളിലെ വൈദ്യുതി – കുടിവെള്ള കണക്ഷന്‍ ജില്ലാ കളക്ടറുടെ പേരിലാണ് അനുവദിക്കുക. നിലവില്‍ ജില്ലാ കളക്ടറുടെ പേരില്‍ അനുവദിക്കുന്ന കണക്ഷനുകളുടെ തുക ജില്ലാ ഭരണകൂടം അടയ്ക്കും.
