കോൺഗ്രസ് പ്രവർത്തക നൽകിയ നിവേദനം തുറന്നുപോലും നോക്കാതെ പരസ്യമായി കീറിക്കളയുന്ന പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. വി ഡി സതീശൻ കോൺഗ്രസ് പ്രവർത്തക നൽകിയ നിവേദനം കീറിക്കളഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വ്യാപക വിമർശനമാണ് പല കോണുകളിൽ നിന്നും ഉയരുന്നത്.
2025 ഡിസംബറിൽ തദ്ദേശ തെരഞ്ഞെടുപ്പ് സമയത്തുണ്ടായ സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്. തൈക്കാട്ടുശേരി ബ്ലോക്കിലെ സ്ഥാനാർഥി സംഗമം പരിപാടിക്കെത്തിയതായിരുന്നു വി ഡി സതീശൻ. വേദിയിലിരിക്കുന്ന സതീശനെ ഷാൾ അണിയിച്ച് സ്വീകരിക്കാൻ ചെന്ന പ്രവർത്തകയാണ് നിവേദനം കൈമാറിയത്. ഷാൾ അണിയിച്ചതിനുപിന്നാലെ നിവേദനം കയ്യിലേക്ക് നൽകുകയായിരുന്നു. ചിരിച്ചുകൊണ്ട് സതീശൻ നിവേദനം വാങ്ങുന്നതും കാണാം. എന്നാൽ തൊട്ടുപിന്നാലെ കസേരയിൽ ഇരുന്ന ശേഷം നിവേദനം കീറിക്കളയുന്ന സതീശനെയാണ് ദൃശ്യങ്ങളിൽ കാണുന്നത്.
കോൺഗ്രസ് പ്രവർത്തകരുടെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാർ നൽകുന്ന നിവേദനങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്നാണ് നെറ്റിസൺസ് ചോദിക്കുന്നത്. നാടായ നാടൊട്ടുക്കും നടന്ന് നിവേദനങ്ങൾ വാങ്ങുന്ന സതീശന് നിവേദനം നൽകിയവരുടെയെല്ലാം അവസ്ഥ ഇതുതന്നെ ആയിരിക്കുമെന്നും സമൂഹമാധ്യമങ്ങളിൽ ചർച്ച നടക്കുകയാണ്.
