മോഷണം പോയ ആനക്കൊമ്പുകള്‍ ഇതുവരെ കണ്ടെത്താനായില്ല

At Malayalam
1 Min Read

തിരുവനന്തപുരം പാങ്ങോട് പട്ടാള ക്യാമ്പിൽ നിന്നും മോഷണം പോയ ആനക്കൊമ്പുകൾ ഇതുവരെ കണ്ടെത്താനായില്ല. ബുധനാഴ്ച രാത്രിയാണ് സൈനിക ക്യാമ്പിലെ അതീവ സുരക്ഷാ മേഖലയിൽ സൂക്ഷിച്ചിരുന്ന ആനക്കൊമ്പുകൾ കളവു പോയത്. അന്വേഷണം നടക്കുന്നുണ്ടെന്നല്ലാതെ പൊലീസിന് ഒരു തുമ്പും കിട്ടിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ 18 പേരെ പൊലീസ് ചോദ്യം ചെയ്തു. മോഷണം നടന്ന ദിവസം ക്യാമ്പിൽ വച്ച് നടന്ന പാർട്ടിയുടെ ഒരുക്കങ്ങൾക്കായി എത്തിയവരെയാണ് ചോദ്യം ചെയ്‌തത്. എന്നാൽ സംശയാസ്പ്പദമായി ഒന്നും തന്നെ കണ്ടെത്താനായില്ല. ഇതാണ് പൊലീസിനെ വട്ടം ചുറ്റിക്കുന്നത്.

അതേസമയം, ആനക്കൊമ്പുകൾ പുറത്തേക്ക് കൊണ്ടുപോയിട്ടില്ല എന്നാണ് പൊലീസിന്‍റെ നിഗമനം. ക്യാമ്പിനകത്തുള്ള ഓഫീസേഴ്സ് മെസ്സും പരിസരവും വ്യാപകമായി പരിശോധിച്ചെങ്കിലും ആനക്കൊമ്പുകൾ കണ്ടെത്താനായില്ല. ക്യാമ്പിനുള്ളിൽ പരിശോധന നടത്താൻ പൊലീസിന് പരിമിതികൾ ഉണ്ട്. ഇതിനാൽ തന്നെ അന്വേഷണം ഊര്‍ജിതമാക്കി ആനക്കൊമ്പുകള്‍ കണ്ടെത്തുകയെന്നതും വെല്ലുവിളിയാണ്.

സൈനിക ക്യാമ്പിലെ അതീവ സുരക്ഷാ മേഖലയിൽ സൂക്ഷിച്ചിരുന്ന ആനക്കൊമ്പുകളാണ്‌ കളവ് പോയത്. 2 കോടി രൂപ വില വരുന്ന ആനക്കൊമ്പുകളാണിതെന്നാണ് പുറത്തുവന്ന വിവരം. ഓഫീസേഴ്‌സ് ക്ലബിൽ ആയിരുന്നു മോഷണം പോയ ആനക്കൊമ്പുകൾ സൂക്ഷിച്ചിരുന്നത്. 1929 ൽ സംസ്ഥാന സർക്കാർ കൈമാറിയ ആനക്കൊമ്പുകളാണ്‌ അതീവ സുരക്ഷാമേഖലയിൽ നിന്നും മോഷ്ടാക്കൾ കവർന്നത്. ബുധനാഴ്ച ക്യാമ്പിൽ നടന്ന പാർട്ടിക്കു ശേഷമാണ് ആനക്കൊമ്പുകൾ മോഷണം പോയത്. സംഭവത്തിൽ വ്യാഴാഴ്ച രാത്രിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment