ശബരിമല സ്വർണക്കവർച്ച കേസിൽ അന്വേഷണം നടത്തുന്ന എസ് ഐ റ്റി ഇന്നു വീണ്ടും ശബരിമലയിൽ. ശ്രീകോവിലിനു ചുറ്റുമുള്ള സ്വർണ്ണപ്പാളികളുടെ സാമ്പിൾ ശേഖരിക്കാനാണ് പ്രത്യേക അന്വേഷണ സംഘം സന്നിധാനത്തെത്തുക. നേരെത്തെ നടത്തിയ പരിശോധനയിൽ നഷ്ടപ്പെട്ട സ്വർണത്തിന്റെ വ്യാപ്തി കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ ഹൈക്കോടതി വീണ്ടും പരിശോധന നടത്താൻ അനുവദിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ പമ്പയിൽ എത്തിയ പ്രത്യേക അന്വേഷണ സംഘം അവലോകന യോഗത്തിനുശേഷം ശബരിമലയിൽ എത്തും.
മാസ പൂജയ്ക്കായി ഇന്ന് വൈകിട്ടാണ് നട തുറക്കുക. തുടർന്ന് വെള്ളി, ശനി ദിവസങ്ങളിൽ നട അടച്ച ശേഷം ആയിരിക്കും സാമ്പിളുകൾ ശേഖരിക്കുക. പിന്നീട് ശേഖരിച്ച സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്കായി കൈമാറും. സ്വർണ കവർച്ച കേസിലെ കുറ്റപത്രം അടക്കം തയ്യാറാക്കുന്നതിൽ നിർണായകമാണ് ഈ പരിശോധന. ലീഗൽ മെട്രോളജി വിഭാഗത്തിലെ ഗോൾഡ് അസെസ്മെന്റ് വിദഗ്ധരാണ് സംഘത്തിൽ പ്രധാനമായും ഉള്ളത്.
അതേസമയം, ശബരിമല സ്വർണക്കവർച്ച കേസിലെ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട തിരുവാഭരണം മുൻ കമ്മീഷണർ കെ എസ് ബൈജുവിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി വരും. റിമാൻഡ് കാലാവധിയായ 90 ദിവസം പിന്നിട്ടതോടെ ആണ് കട്ടിളപ്പാളി കേസിൽ ബൈജു ജാമ്യ ഹർജി സമർപ്പിച്ചത്. എസ് ഐ റ്റി കുറ്റപത്രം സമർപ്പിച്ചില്ല എന്ന കാരണം ചൂണ്ടിക്കാണിച്ചാണ് ജാമ്യ നീക്കം. ജാമ്യം ലഭിച്ചാലും ബൈജുവിന് പുറത്തിറങ്ങാൻ കഴിയില്ല. ദ്വാരപാല കേസിൽ റിമാൻഡ് കാലാവധി പൂർത്തിയാകാത്തതിനാൽ ജയിലിൽ തുടരേണ്ടി വരും. ഈ മാസം 25 ന് ദ്വാരപാലക കേസിലും ബൈജു സ്വാഭാവിക ജാമ്യ ഹർജി സമർപ്പിക്കും. സ്വർണക്കവർച്ചയിൽ ഇതുവരെ അഞ്ച് പ്രതികൾക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. ഇതിൽ നാലും പേരും സ്വാഭാവിക ജാമ്യം ലഭിച്ചവരാണ്.
