റെയില്‍വേ വികസന കുതിപ്പിന് ഊർജ്ജം പകർന്ന് അമൃത് ഭാരത് പദ്ധതിയുടെ ആദ്യ ഘട്ടം പൂർത്തിയാകുന്നു. യാത്രക്കാർക്ക് കൂടുതല്‍ മെച്ചപ്പെട്ട യാത്രാനുഭവവും ആധുനിക സൗകര്യങ്ങളും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയിലൂടെ രാജ്യത്താകെ 172 സ്റ്റേഷനുകളാണ് നവീകരിച്ചത്. ഇതില്‍ കേരളത്തിലെ ഏഴു പ്രധാന സ്റ്റേഷനുകള്‍ ഉള്‍പ്പെട്ടത് സംസ്ഥാനത്തെ റെയില്‍വേ യാത്രക്കാർക്ക് വലിയ ആശ്വാസമാകുകയാണ്.
ചാലക്കുടി, ചങ്ങനാശേരി, ചിറയൻകീഴ്, കുറ്റിപ്പുറം, ഷൊർണൂർ ജങ്ഷൻ, വടകര, വടക്കാഞ്ചേരി എന്നീ സ്റ്റേഷനുകളാണ് നവീകരണം പൂർത്തിയാക്കി യാത്രക്കാർക്കായി തുറന്നു നല്‍കിയിരിക്കുന്നത്. മികച്ച വെയിറ്റിംഗ് ഹാളുകള്‍, ആധുനിക ശൗചാലയങ്ങള്‍, സൗജന്യ വൈഫൈ, ലിഫ്റ്റുകള്‍, എസ്‌കലേറ്ററുകള്‍ തുടങ്ങി അന്താരാഷ്ട്ര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളാണ് ഈ സ്റ്റേഷനുകളില്‍ ഒരുക്കിയിരിക്കുന്നത്. സ്റ്റേഷനുകളുടെ പ്രാദേശിക പ്രാധാന്യം കൂടി കണക്കിലെടുത്തുള്ള സൗന്ദര്യവല്‍ക്കരണമാണ് അമൃത് ഭാരത് പദ്ധതിയുടെ പ്രത്യേകത.
കേരളത്തിന്റെ സ്വപ്ന പദ്ധതിയായ സില്‍വർ ലൈൻ പ്രായോഗികമല്ലെന്നും നടപ്പാക്കാനാകില്ലെന്നും കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഇന്നലെ രാജ്യസഭയില്‍ വ്യക്തമാക്കി. പദ്ധതി ഉണ്ടാക്കിയേക്കാവുന്ന വലിയ പാരിസ്ഥിതിക ആഘാതങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ ഈ നിലപാട്.
ഹാരീസ് ബീരാൻ എം പിയുടെ ചോദ്യത്തിന് മറുപടിയായി, സില്‍വർ ലൈനിന് പകരമായി അതിവേഗ റെയില്‍ പദ്ധതികള്‍ (High Speed Rail) പരിഗണിക്കാൻ കേന്ദ്രം തയ്യാറാണെന്ന് മന്ത്രി അറിയിച്ചു. മെട്രോമാൻ ഇ ശ്രീധരൻ മുന്നോട്ടുവെച്ച നിർദ്ദേശങ്ങള്‍ ഇക്കാര്യത്തില്‍ നിർണ്ണായകമാണ്. ശ്രീധരന്റെ വൈദഗ്ധ്യം രാജ്യം ആദരവോടെ കാണുന്നുവെന്നും രാജ്യത്ത് പുതുതായി പ്രഖ്യാപിച്ച അതിവേഗ പദ്ധതികളില്‍ അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ തേടിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കേരളത്തിലെ റെയില്‍വേ പദ്ധതികള്‍ നേരിടുന്ന പ്രധാന വെല്ലുവിളിയായ ഭൂമി ഏറ്റെടുക്കലിലെ മെല്ലെപ്പോക്കിനെ മന്ത്രി രൂക്ഷമായി വിമർശിച്ചു. റെയില്‍വേ പദ്ധതികള്‍ക്കായി ആവശ്യമായ ഭൂമിയുടെ വെറും 14 ശതമാനം മാത്രമാണ് ഇതുവരെ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നല്‍കിയത്. സില്‍വർ ലൈനിന് പകരം മറ്റൊരു അതിവേഗ പദ്ധതി വന്നാലും ഭൂമി ലഭ്യമാക്കേണ്ട ഉത്തരവാദിത്തം സംസ്ഥാനത്തിനാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
നിലവിലുള്ള സ്റ്റേഷനുകളുടെ നവീകരണത്തിലൂടെ യാത്രക്കാർക്ക് സൗകര്യങ്ങള്‍ വർദ്ധിക്കുന്നുണ്ടെങ്കിലും അതിവേഗ യാത്ര എന്ന കേരളത്തിന്റെ സ്വപ്നം യാഥാർത്ഥ്യമാകാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ഏകോപനവും പ്രായോഗികമായ ബദല്‍ മാർഗ്ഗങ്ങളും അനിവാര്യമാണ്.
