വി എസിന് നൽകിയ പത്മവിഭൂഷൺ സ്വീകരിക്കില്ല, അദ്ദേഹത്തിൻ്റെ ആദർശങ്ങൾക്കും പാർട്ടി നിലപാടുകൾക്കും ഒപ്പമെന്ന് കുടുംബം

At Malayalam
2 Min Read

അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി ലഭിച്ച പത്മവിഭൂഷൺ പുരസ്കാരം സ്വീകരിക്കില്ലെന്ന നിലപാട് വ്യക്തമാക്കി കുടുംബം. പാർട്ടിയുടെ തീരുമാനം അംഗീകരിച്ചുകൊണ്ടാണ് വി എസിന്റെ കുടുംബവും ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്. പുരസ്‌ക്കാരം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടി സ്വീകരിക്കുന്ന നിലപാടായിരിക്കും തങ്ങൾക്കുമെന്ന് വി എസിന്റെ മകൻ അരുൺ‌കുമാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

പുരസ്ക്കാരങ്ങൾ നിരസിക്കുന്നതായിരുന്നു സി പി ഐ (എം) ന്റെ മുൻകാല നിലപാടുകൾ. എന്നാൽ മരണാനന്തര ബഹുമതിയായാണ് വി എസിന് പത്മവിഭൂഷൺ ലഭിച്ചിരിക്കുന്നത് അതുകൊണ്ടു തന്നെ സ്വീകരിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ കുടുംബമാണ് തീരുമാനമെടുക്കേണ്ടതെന്ന് പാർട്ടി പറഞ്ഞിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് പത്മവിഭൂഷൺ ബഹുമതിക്ക് വി എസ് അർഹനായെന്ന് ചൂണ്ടിക്കാട്ടിയുള്ള കത്ത് ഇന്നലെയാണ് കുടുംബത്തിനു ലഭിച്ചത്. ഇക്കാര്യം അറിയിച്ച് വി എസിന്റെ മകൻ അരുൺകുമാർ ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പങ്കുവെക്കുകയും ചെയ്തു. ജനകീയ പോരാട്ടങ്ങളിലൂടെയും അചഞ്ചലമായ രാഷ്ട്രീയ നിലപാടുകളിലൂടെയും കേരളീയ പൊതുസമൂഹത്തിനൊപ്പം സഞ്ചരിച്ച വി എസിനോട് ജനങ്ങൾ കാണിക്കുന്ന സ്‌നേഹവും ബഹുമാനവും എന്നും തങ്ങൾക്ക് വലിയ കരുത്താണെന്ന് അരുൺകുമാർ പറഞ്ഞു. ഈ പുരസ്‌ക്കാരം അദ്ദേഹത്തിന്റെ പൊതുജീവിതത്തോടുള്ള ആദരമായി കാണുന്നുവെന്നും, എങ്കിലും ഇത്തരം പുരസ്‌ക്കാരങ്ങൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രതിനിധാനം ചെയ്ത പ്രസ്ഥാനത്തിന് വ്യക്തമായ രാഷ്ട്രീയ നിലപാടുണ്ട്. ആ മൂല്യങ്ങളെയും പാർട്ടിയുടെ തീരുമാനങ്ങളെയും ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ അദ്ദേഹം എപ്പോഴും മുറുകെ പിടിച്ചിരുന്നു. പിതാവിന്റെ ആദർശങ്ങൾക്കും പാർട്ടി നിലപാടുകൾക്കും ഒപ്പമായിരിക്കും കുടുംബം. വി എസിന് ജനഹൃദയങ്ങളിൽ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ജനങ്ങൾ അദ്ദേഹത്തിനു നൽകുന്ന സ്‌നേഹവായ്‌പ്പുകൾക്ക് നന്ദിയെന്നും കുറിപ്പിൽ പറയുന്നു.

പുരസ്ക്കാരങ്ങൾ നിരസിക്കുന്നതായിരുന്നു സി പി ഐ (എം) ന്റെ മുൻകാല നിലപാടുകൾ. നരസിംഹറാവു സർക്കാരിന്റെ കാലത്താണ് രാജ്യത്തെ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് ഇ എം എസിന് പത്മവിഭൂഷൺ നൽകിയത്. എന്നാൽ പാർട്ടിയും ഇ എം എസും പുരസ്‌ക്കാരം നിരസിച്ചു. 1996 ലെ ഐക്യമുന്നണി സർക്കാരിന്റെ കാലത്ത് അന്നത്തെ ബംഗാൾ മുഖ്യമന്ത്രി ജ്യോതിബസുവിന് ഭാരതരത്നം നൽകാൻ ആലോചന ഉണ്ടായി. പുരസ്‌ക്കാരം പ്രഖ്യാപിച്ചാൽ സ്വീകരിക്കുമോ എന്ന് മുൻകൂട്ടി ചോദിച്ചിരുന്നു. എന്നാൽ ബസുവും പാർട്ടിയും പുരസ്‌ക്കാരം സ്വീകരിക്കേണ്ടെന്ന നിലപാടാണ് എടുത്തത്. അതിനാൽ പ്രഖ്യാപനം ഉണ്ടായില്ല.

- Advertisement -

സി പി ഐ (എം) നേതാവ് ഹർകിഷൻ സിംഗ് സുർജിത്തിന് പത്മവിഭൂഷൺ നൽകാൻ ആലോചിച്ചിരുന്നുവെങ്കിലും പുരസ്ക്കാരം സ്വീകരിക്കില്ലെന്ന് അദ്ദേഹവും പാർട്ടിയും നിലപാട് സ്വീകരിച്ചു. 2022 ൽ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയ്ക്ക് പത്മഭൂഷൺ നൽകി. എന്നാൽ അദ്ദേഹവും പുരസ്‌ക്കാരം നിരസിക്കുകയായിരുന്നു. കമ്യൂണിസ്റ്റുകാരുടെ പൊതുപ്രവർത്തന ലക്ഷ്യം പുരസ്ക്കാരങ്ങളല്ലെന്നും ഭരണകൂടം നൽകുന്ന ബഹുമതികൾ കമ്മ്യൂണിസ്റ്റുകൾ സ്വീകരിക്കേണ്ടതില്ലെന്നുമുള്ള കാരണങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു ഇവരെല്ലാം പുരസ്ക്കാരങ്ങൾ നിഷേധിച്ചിരുന്നത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment