വരുന്നു വോൾവോ ലക്ഷ്വറി ബസുകൾ, ബസ് ഹോസ്റ്റസുമാരും ഉണ്ടാകും

At Malayalam
2 Min Read

പാൻട്രിയും ടോയ്‌ലെറ്റും ഉൾപ്പെടെ ആധുനിക സൗകര്യങ്ങളുള്ള വോൾവോ ലക്ഷ്വറി ബസുകൾ കെ എസ് ആർ ടി സി വൈകാതെ നിരത്തിലിറക്കുമെന്നു ഗതാഗതമന്ത്രി മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു.

ബസിൽ കണ്ടക്ടർക്കു പകരം പരിശീലനം സിദ്ധിച്ച ബസ് ഹോസ്റ്റസുമാർക്കായിരിക്കും ചുമതല. രാജ്യത്തെ വാഹന വിപണിയിൽ ഇറങ്ങുന്നതിൽ വച്ച് ഏറ്റവും വലിയ സൗകര്യങ്ങൾ ഉള്ള വോൾവോ ബസുകളായിരിക്കും ഇതിനായി ഇറക്കുകയെന്നും ഗതാഗത മന്ത്രി പറഞ്ഞു.

കെ എസ് ആർ ടി സി നെടുമങ്ങാട് യൂണിറ്റിലെ ഡ്രൈവിംഗ് സ്കൂൾ, നവീകരിച്ച ഡിപ്പോ യാർഡ്, പ്രവേശന കവാടത്തിന്‍റെയും നെടുമങ്ങാട് – പറശിനിക്കടവ്, നെടുമങ്ങാട് – മാനന്തവാടി ബസ് സർവീസുകളുടെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പൊതു വിപണിയിൽ ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ വിലയിൽ കെ എസ് ആർ ടി സി യാത്രക്കാർക്ക് കുടിവെള്ളം ലഭ്യമാക്കുമെന്നും വിപണനം ചെയ്യുന്ന ബസ് ജീവനക്കാർക്കും ഇതിന്‍റെ ആനുകൂല്യം ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.

- Advertisement -

കെ എസ് ആർ ടി സി ഡ്രൈവിംഗ് സ്കൂളുകളിൽ ഹെവി മോട്ടോർ വാഹന പരിശീലനത്തിനും ലൈറ്റ് മോട്ടോർ വാഹന പരിശീലനത്തിനും 9,000 രൂപയും ഇരുചക്ര വാഹന പരിശീലനത്തിന് 3,500 രൂപയും ഇരുചക്ര വാഹനത്തിന്‍റെയും ലൈറ്റ് മോട്ടോർ വാഹനത്തിന്‍റെയും ഒന്നിച്ചുള്ള പരിശീലനത്തിന് 11,000 രൂപയുമാണ് നിലവിലുള്ള ഫീസ്.

എസ്‌ സി / എസ്‌ ടി വിഭാഗക്കാർക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനും 20 ശതമാനം ഫീസിളവും കെ എസ് ആർ ടി സി ജീവനക്കാർക്ക് അഞ്ചു ശതമാനം ഫീസിളവും അനുവദിച്ചിട്ടുണ്ട്. ഒരു ബാച്ചിൽ 16 പേർക്കാണ് പ്രവേശനം. ഒരു മാസത്തെ പാഠ്യപരിശീലന പരിപാടിയിൽ 28 ദിവസം ഡ്രൈവിംഗ് പരിശീലനവും രണ്ടു ദിവസം തിയറി ക്ലാസുകളുമുണ്ടാകും.

പൊതുഗതാഗത നിലവാരം ഉയർത്താനും സൗകര്യങ്ങൾ മെച്ചപ്പെടുത്താനും എം എൽ എ എന്ന നിലയിൽ എത്ര തുക വേണമെങ്കിലും മുടക്കാൻ തയാറാണെന്ന് പരിപാടിയിൽ പങ്കെടുത്ത ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ പറഞ്ഞു. കെ എസ് ആർ ടി സി ഡ്രൈവിംഗ് സ്കൂളുകൾ മികവുറ്റ ഒരു പുതിയ ഡ്രൈവിംഗ് സംസ്ക്കാരം നിരത്തുകളിൽ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. മിതമായ നിരക്കിൽ ആധുനിക രീതിയിൽ അപകടരഹിതവും മികവുറ്റതുമായ ഡ്രൈവിംഗ് പരിശീലനമാണ് ഇവിടെ നിന്നു ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment