കടുത്ത ശ്വാസം മുട്ടലുമായി ആശുപത്രിയിൽ എത്തിയ ബിസ്മർ എന്ന വ്യക്തിയ്ക്ക് തങ്ങൾ പ്രാഥമിക ചികിത്സ നല്‍കിയിരുന്നുവെന്ന തിരുവനന്തപുരം വിളപ്പിൽശാല പ്രാഥമിക ആരോഗ്യകേന്ദത്തിലെ ജീവനക്കാരുടെ മൊഴി രോഗിയുടെ ഭാര്യ ജാസ്മിന് തള്ളിക്കളഞ്ഞു. താന്‍ നിര്‍ബന്ധിച്ചപ്പോള്‍ മാത്രമാണ് ആവി പിടിക്കാനെങ്കിലും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാർ തയ്യാറായതെന്ന് ജാസ്മിന് പറയുന്നു.
ആരോഗ്യവകുപ്പ് ഡയറക്ടരുടെ നിര്‍ദ്ദേശപ്രകാരം ഡി എം ഒയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം വിളപ്പിൽശാല പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിയിരുന്നു. സംഭവത്തില്‍ 19 ന് പുലര്‍ച്ചെ ജോലിയിലുണ്ടായിരുന്ന ഡോക്ടര്‍, നഴ്സ്, നഴ്സിങ് അസിസ്റ്റന്റ് എന്നിവരുടെ മൊഴിയെടുത്തിട്ടുണ്ട്. ആവശ്യമായ പ്രാഥമിക ചികിത്സ നല്കിയ ശേഷമാണ് ബിസ്മറിനെ മെഡിക്കല്‍ കോളജിലേക്ക് റഫറു ചെയ്തതെന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍ ഇത് ശരിയല്ലെന്നാണ് ജാസ്മിന് പറയുന്നത്.
ബിസ്മിര്‍ ആശുപത്രിയില്‍ എത്തുമ്പോഴുള്ള സി സി ടി വി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ സംഭവത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബി ജെ പി, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പൊലീസ് ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ മുന്നോട്ട് പോയതോടെയാണ് സംഘർഷം ഉണ്ടായത്.
