കലകളുടെ പൂരത്തിന് കൊടിയിറക്കം. അഞ്ച് ദിവസം നീണ്ടുനിന്ന കലാമഹോത്സവത്തിനു ശേഷം കലാകൗമാരം വടക്കുന്നാഥൻ്റെ തിരുമുറ്റത്ത് ഉപചാരം ചൊല്ലി പിരിഞ്ഞു, അടുത്ത വർഷം വീണ്ടും മറ്റൊരിടത്ത് കണ്ടുമുട്ടാമെന്ന പ്രതീക്ഷയോടെ.
കലോത്സവത്തിൻ്റെ ഒന്നാം വേദിയായ സൂര്യകാന്തിയിൽ തിങ്ങിനിറഞ്ഞ ആയിരങ്ങളെ സാക്ഷിയാക്കി തൃശൂർ വെസ്റ്റ്ഫോർട്ട് സെന്റ് ആൻസ് കോൺവെൻ്റ് ഗേൾസ് ഹൈസ്കൂൾ പത്താം തരം വിദ്യാർത്ഥിനി നാസ്നിൻ തോമസ് സംഗീതമഴ തീർത്ത സായാഹ്നത്തിൽ കണ്ണൂർ ജില്ല കലയുടെ സുവർണ്ണ കപ്പുയർത്തി.
തൃശ്ശൂരിലെ കലോത്സവം കാസർകോടുള്ള സിയാ ഫാത്തിമയുടെ വീട്ടുമുറ്റത്തേക്ക് ഓൺലൈനായി എത്തിച്ചേർന്നതും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ആൺകുട്ടികളുടെ ഭരതനാട്യത്തിൽ തുടർച്ചയായി നാലാം തവണയും എ ഗ്രേഡ് നേടിയ സച്ചുവിന് വീടുവച്ചു നൽകുമെന്ന പ്രഖ്യാപനവും 64-ാമത് സ്കൂൾ കലാ മാമാങ്കത്തിൻ്റെ മാറ്റുകൂട്ടി.
പൊതുവിദ്യാഭ്യാസ വകുപ്പിന് ഒപ്പം പൊലീസ് – ആരോഗ്യ – അഗ്‌നിരക്ഷ തുടങ്ങി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കൃത്യതയാര്‍ന്നതും ആസൂത്രണ മികവോടെയുമുള്ള ഏകോപനവുമാണ് പൂക്കളുടെ പേരുകൾ നൽകിയ 25 വേദികളിലായി ലക്ഷക്കണക്കിന് പേര്‍ പങ്കെടുത്ത കലാമേളയെ കുറ്റമറ്റതാക്കിയത്.
പൊതുവിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവന്‍കുട്ടിയും സംഘാടക സമിതി ചെയര്‍മാനും ജില്ലയുടെ ചുമതലയുമുള്ള റവന്യൂ മന്ത്രി കെ രാജനും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദുവും
എല്ലാ ദിവസവും കലോത്സവത്തിന്റെ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. മത്സരങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനും മത്സരാര്‍ഥികളില്‍ നിന്നടക്കമുള്ള പരാതികള്‍ പരിഹരിക്കുന്നതിനുമായി പ്രതിദിന അവലോകനയോഗങ്ങള്‍ ചേര്‍ന്നു. സമയക്രമം ഉറപ്പാക്കാന്‍ മന്ത്രിമാരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് മുന്‍കൈയെടുത്തത്.
ഉത്തരവാദിത്ത കലോത്സവം എന്നതായിരുന്നു ഈ വർഷത്തെ കലോത്സവത്തിന്റെ ആപ്തവാക്യം. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്ന് 10,000 ത്തോളം വിദ്യാർത്ഥികൾ പങ്കുചേർന്ന ലഹരിക്കെതിരെയുള്ള പ്രതിരോധ ശൃംഖലയിലൂടെയാണ് കലോത്സവത്തിന് തുടക്കംകുറിച്ചത്.
ഹരിത കലോത്സവത്തിൻ്റെ പ്രധാന വേദിയിൽ സജ്ജീകരിച്ചിരുന്ന ‘സ്വാപ് ഷോപ്പും ജനഹൃദയങ്ങൾ ഏറ്റെടുത്തു. പ്രകൃതിക്ക് അനുയോജ്യമായ പുനരുപയോഗ വസ്തുക്കളുടെ കൈമാറ്റമാണ് ഇതിലൂടെ ലക്ഷ്യമിട്ടത്.
മത്സരാത്ഥികൾക്കായി സ്റ്റാർ ഫെസിലിറ്റി നിലവാരത്തോടു കൂടിയ 21 അക്കോമഡേഷൻ സെന്ററുകളാണ് ഒരുക്കിയിരുന്നത്. കലോത്സവത്തിന്റെ ഊട്ടുപുര ദിവസവും നാലു നേരമായി 60,000 ത്തിലധികം പേർക്കാണ് പഴയിടം മോഹനൻ നമ്പൂതിരിയുടെ രുചിയൂറും ഭക്ഷണം വിളമ്പിയത്.
കലോത്സവവുമായി ബന്ധപ്പെട്ട് അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല. ദിവസവും ആയിരത്തിലേറെ പൊലീസുകാരെയാണ് സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി നിയോഗിച്ചിരുന്നത്. എസ് പി സി, എന്‍ സി സി, സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്, എന്‍ എസ് എസ് എന്നിവയിൽ അംഗങ്ങളായ കുട്ടി വളണ്ടിയര്‍മാർ കലോത്സവ വേദികളിൽ മികച്ച സേവനമാണ് കാഴ്ചവച്ചത്. കുട്ടികളുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും മുൻഗണന നൽകിക്കൊണ്ട് വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. എല്ലാ വേദികളിലും ഡോക്ടർമാർ, ആവശ്യമായ മരുന്നുകൾ, ആംബുലൻസ്, ഫയർഫോഴ്സ് എന്നിവ സജ്ജീകരിച്ചിരുന്നു. എല്ലാ വേദികളിലും താമസ സൗകര്യം ഒരുക്കിയ സ്കൂളുകളിലും പൊലീസ് നിരീക്ഷണവും ഉണ്ടായിരുന്നു.
