കേരളത്തിലെ എസ് ഐ ആർ കരട് പട്ടികയിൽ ഉൾപ്പെടാത്തവർക്ക് രേഖകൾ സമർപ്പിക്കാൻ രണ്ടാഴ്ച കൂടി സുപ്രിംകോടതി സമയം അനുവദിച്ചു. ഇതു സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിർദേശം നൽകി. കരട് പട്ടികയിൽ നിന്ന് പുറത്തായവരുടെ പേരുവിവരങ്ങൾ തദ്ദേശസ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കാനും കോടതി നിർദേശം നൽകി.
നേരത്തെ, കേരളത്തിൽ എസ് ഐ ആർ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ 24 ലക്ഷം പേർ പട്ടികയിൽ നിന്നു പുറത്തായിരുന്നു. 2.71 കോടി വോട്ടർമാരാണ് സംസ്ഥാനത്ത് ആകെ ഉണ്ടായിരുന്നത്.
എസ് ഐ ആറിൽ പേരുവിവരങ്ങളും രേഖകളും ചേർക്കാനുള്ള തീയതി ഇന്ന് അവസാനിക്കാനിരിക്കെയാണ് സുപ്രിംകോടതിയുടെ ഇടപെടൽ. രേഖകൾ പൂർത്തിയാക്കുന്ന ഘട്ടത്തിൽ എങ്ങനെ പൂർത്തിയാക്കണമെന്ന കാര്യത്തിൽ അജ്ഞത, മാതാപിതാക്കളുടെ പേരുകൾ തമ്മിൽ ചേരുന്നില്ല തുടങ്ങിയ കാര്യങ്ങൾ സുപ്രിംകോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ കേരളത്തിന്റെ എസ് ഐ ആർ പട്ടികയിൽ നിന്നു പുറത്തായ 24 ലക്ഷം പേർക്ക് പട്ടികയിലേക്ക് തിരികെയെത്താനുള്ള അവസരമെന്നോണമാണ് സുപ്രിംകോടതി സമയം നീട്ടിനൽകിയിരിക്കുന്നത്.
ഇതുപ്രകാരം, കരടു പട്ടികയിൽ നിന്ന് പുറത്തായവരുടെ രേഖകൾ സമർപ്പിക്കാനും തദ്ദേശസ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രിംകോടതി നിർദേശം നൽകുകയായിരുന്നു.
