തന്ത്രിയുടെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തും

At Malayalam
2 Min Read

ശബരിമല സ്വർണക്കവർച്ച കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ് ഐ റ്റി ) പരിശോധന നടത്തും. ദക്ഷിണ വേറെ പടിത്തരം വേറെയെന്ന് എസ് ഐ റ്റി ചൂണ്ടിക്കാട്ടി. പടിത്തരം പ്രതിഫലം തന്നെയാണെന്നും തന്ത്രി ബോർഡിൽ നിന്നും ശമ്പളം കൈപ്പറ്റുന്നയാളാണെന്നുമാണ് എസ ഐ റ്റിയുടെ കണ്ടെത്തൽ. ശമ്പളം വാങ്ങുന്നതുകൊണ്ടുതന്നെ ദേവസ്വം ബോർഡിന്റെ സ്വത്ത് സംരക്ഷിക്കാൻ തന്ത്രിക്കും ഉത്തരവാദിത്തമുണ്ടെന്ന് എസ് ഐ റ്റി വ്യക്തമാക്കി.

അതേസമയം സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റു ചെയ്തത് കട്ടിളപ്പാളി കേസിലാണെന്ന് എസ് ഐ റ്റി വ്യക്തമാക്കി. എന്നാൽ ദ്വാരപാലക ശിൽപ്പവുമായി ബന്ധപ്പെട്ട കേസിൽ തൽക്കാലം അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ : സി എസ് മോഹിത്തിന് മുൻപാകെ തന്ത്രിയെ ഹാജരാക്കും. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ച വേളയിൽ, താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

കേസുമായി ബന്ധപ്പെട്ട് ഇതുവരെ 11 പേരുടെ അറസ്റ്റു രേഖപ്പെടുത്തിയിട്ടുണ്ട്. സന്നിധാനത്തു നിന്നും മുൻപ് പുറത്താക്കപ്പെട്ട ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ഒരു ‘സ്പോൺസർ’ എന്ന നിലയിൽ തിരികെ വരാൻ സഹായം നൽകിയത് തന്ത്രിയാണെന്ന് എസ് ഐ റ്റി കണ്ടെത്തി. ഇരുവരും തമ്മിലുള്ള ബംഗളൂരു ബന്ധവും ഫോൺ സംഭാഷണങ്ങളുടെ രേഖകളും തന്ത്രിക്കെതിരായ ശക്തമായ തെളിവുകളാണ്. സ്വർണ്ണപ്പാളി കൊണ്ടുപോകാൻ താൻ അനുമതി നൽകിയിട്ടില്ലെന്ന തന്ത്രിയുടെ മൊഴി തെറ്റാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. സന്നിധാനത്ത് പോറ്റിക്ക് ലഭിച്ചിരുന്ന അമിത സ്വാധീനത്തിനു പിന്നിൽ തന്ത്രിയാണെന്ന് ദേവസ്വം ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്. “ദൈവതുല്യരായ ചിലർക്ക് കവർച്ചയിൽ പങ്കുണ്ട്” എന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പത്മകുമാറിൻ്റെ മുൻകാല പ്രസ്താവനയും രാജീവരിലേക്ക് അന്വേഷണം എത്താൻ കാരണമായി.

കേസിൽ തന്ത്രി കണ്ഠരര് രാജീവ് അറസ്റ്റിലായതോടെ അന്വേഷണം കൂടുതൽ ശക്തമാകുകയാണ്. ദ്വാരപാലക ശിൽപ്പ കേസിലും തന്ത്രിയെ പ്രതിയാക്കാനുള്ള നീക്കമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ചൊവ്വാഴ്ച കോടതിയിൽ ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

- Advertisement -

തന്ത്രിക്ക് ദേവസ്വം മാനുവൽ ലംഘനങ്ങളിൽ വ്യക്തമായ അറിവുണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സ്വർണം ചെമ്പാക്കിയ മഹസ്സറിൽ ഒപ്പിട്ടതിലും യു ബി ഗ്രൂപ്പ് സ്വർണം പൂശിയതിലും തന്ത്രിക്കും പങ്കുണ്ടായിരുന്നുവെന്നാണ് പറയുന്നത്. ദേവസ്വം മാന്വലിൽ തന്ത്രിയുടെ ചുമതലകളും അസി. കമ്മീഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥൻമാരെ മേൽനോട്ടം വഹിക്കാനുള്ള ഉത്തരവാദിത്വങ്ങളും വ്യക്തമാണെന്നും എസ് ഐ റ്റി പറയുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment