ഇറാനിൽ ആഭ്യന്തര പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ അമേരിക്ക മധ്യേഷ്യ ലക്ഷ്യമാക്കി സൈനിക നീക്കങ്ങൾ നടത്തുന്നതായി റിപ്പോർട്ട്. യു എസിൻ്റെ അത്യന്താധുനിക യുദ്ധ സംവിധാനങ്ങൾ യു കെ കേന്ദ്രീകരിച്ച് പരിശീലനം തുടങ്ങിയതായും വിവരമുണ്ട്. വെനസ്വേലയിൽ നടത്തിയ സൈനിക നടപടികളിൽ പ്രധാന പങ്കു വഹിച്ച നൈറ്റ് സ്റ്റാക്കേഴ്സ് എന്ന ഏവിയേഷൻ റെജിമെൻ്റും ഇതിൽ ഉൾപ്പെടുന്നതായാണ് വിവരം. ഇറാനിൽ ആഭ്യന്തര പ്രക്ഷോഭം തുടങ്ങിയ സമയം തൊട്ടു തന്നെ അമേരിക്ക അവിടെ ശക്തമായ നിരീക്ഷണം തുടരുന്നുണ്ട്. കൂടാതെ ആഭ്യന്തര പ്രക്ഷോഭകരെ അടിച്ചമർത്താൻ ഇറാൻ ഭരണകൂടം മുതിർന്നാൽ അമേരിക്ക കയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന മുന്നറിയിപ്പ് നേരത്തേ തന്നെ ട്രംപ് നൽകുകയും ചെയ്തിരുന്നു.
ആധുനിക പോർവിമാനങ്ങളായ സി – 5, സി – 17, ആകാശത്തുവച്ചു തന്നെ ഇന്ധനം നിറയ്ക്കാവുന്ന ടാങ്കർ വിമാനങ്ങളും യു കെ യിൽ അമേരിക്ക എത്തിച്ചിട്ടുണ്ട് എന്ന റിപ്പോർട്ടുമുണ്ട്. കൂടാതെ ചിനൂക്ക് – ബ്ലാക്ക്ഹോക് ഹെലികോപ്റ്ററുകൾ, എ സി – 130 ജെ എന്ന ഗോസ്റ്റ് റൈഡർ വിമാനങ്ങളും യു കെയിൽ എത്തി പരിശീലനം നടത്തുന്നുണ്ട്. സൂക്ഷ്മനിരീക്ഷണം നടത്താൻ ശേഷിയുള്ള അമേരിക്കയുടെ വിമാനമായ പി – 8 ഇറാൻ അതിർത്തികളിൽ നിരന്തരം പ്രത്യക്ഷപ്പെടുന്നുണ്ടന്നും റിപ്പോർട്ടുകളിൽ പറയുന്നു. എന്നാൽ ഇറാനിൽ ഒരു സൈനിക നീക്കത്തിലൂടെ ഭരണമാറ്റം ഉണ്ടാക്കാൻ അമേരിക്ക നേരിട്ട് ഇടപെടുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
റഷ്യയുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ള എണ്ണ കപ്പലുകളെ പൂട്ടാനുള്ള ട്രംപിൻ്റെ തന്ത്രമാണ് ഈ നീക്കമെന്ന വിലയിരുത്തലും ശക്തമാണ്. എന്നാൽ, സൈനിക നീക്കം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണമൊന്നും അമേരിക്കയുടെ ഭാഗത്തു നിന്നും ഇതുവരേയും ഉണ്ടായിട്ടില്ല. അമേരിക്കയുടെ നീക്കം കണ്ടറിഞ്ഞ ഇറാൻ തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തി തുടങ്ങിയിട്ടുണ്ട്. ഇറാനിൽ നിലവിലുള്ള സാമ്പത്തിക പ്രതിസന്ധി, അതിരൂക്ഷമായ വിലക്കയറ്റം എന്നിവക്കെതിരെയാണ് ജനങ്ങൾ തെരുവിൽ പ്രതിഷേധിക്കുന്നത്.
