ഡെൽസി റോഡ്രിഗസിനെ ഇടക്കാല പ്രസിഡന്റായി വെനസ്വേല സുപ്രീം കോടതി പ്രഖ്യാപിച്ചു

At Malayalam
2 Min Read

വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസിനെ ഇടക്കാല പ്രസിഡന്റ് ആയി നിയമിച്ച് വെനസ്വേല സുപ്രീം കോടതി. ആർട്ടിക്കിൾ 233, 234 ഭരണഘടനാ വ്യവസ്ഥകൾ പ്രകാരമാണ് അധികാരക്കൈമാറ്റം. പ്രസിഡന്റിന്റെ അഭാവത്തിൽ എക്സിക്യൂട്ടീവ് അധികാരം വൈസ് പ്രസിഡന്റിനായിരിക്കുമെന്നാണ് ഭരണഘടനാ വ്യവസ്ഥ.

വെനസ്വേലയിൽ യു എസ് നടത്തിയ കടന്നു കയറ്റത്തിനു പിന്നാലെ പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യ സീലിയ ഫ്ലോറസിനേയും ബന്ദികളാക്കി ന്യൂയോർക്കിലെത്തിച്ചിരുന്നു. തൊട്ടു പിന്നാലെയാണ് വെനസ്വേല സുപ്രീം കോടതിയുടെ ഇടപെടൽ.

മഡുറോയെ യു എസ് ബന്ദിയാക്കി കൊണ്ടു പോയതിനു മണിക്കൂറുകൾക്കുള്ളിൽ റോഡ്രിഗസ് വെനസ്വേലയുടെ ദേശീയ പ്രതിരോധ കൗൺസിലിന്റെ യോഗത്തിൽ അധ്യക്ഷത വഹിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു.

പ്രസിഡന്റ് പരമ്പരയിൽ അടുത്ത സ്ഥാനത്തായിരുന്നു ഡെൽസി റോഡ്രിഗസ്. 2018 മുതൽ മഡുറോയുടെ  മന്ത്രിസഭയിൽ വൈസ് പ്രസിഡന്റായി തുടരുന്നു. കടുവ എന്നാണ് അവർ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. വെനസ്വേലയുടെ എണ്ണയെ ആശ്രയിച്ചുള്ള സമ്പദ്‌വ്യവസ്ഥയുടെയും അതിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റെയും മേൽനോട്ടം വഹിച്ചു.

- Advertisement -

മഡുറോ പിടിക്കപ്പെട്ടതിനു ശേഷം ഡെൽസി റോഡ്രിഗസ് തന്നോടും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയോടും  സംസാരിച്ചുവെന്നും വാഷിങ്ടണുമായി സഹകരിക്കാൻ തയ്യാറെന്ന് അവർ സമ്മതിച്ചെന്നും യു എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അവകാശവാദം മുഴക്കിയിരുന്നു. എന്നാൽ റോഡ്രിഗസ് നടത്തിയ പ്രസ്താവനകളിൽ വിട്ടുവീഴ്ചയുമായി ബന്ധപ്പെട്ട യാതൊരു സൂചനയും നൽകിയിട്ടില്ല.

വിദേശകാര്യ മന്ത്രിയെന്ന നിലയിൽ ഐക്യരാഷ്ട്രസഭ പോലുള്ള വേദികളിൽ റോഡ്രിഗസ് വെനിസ്വേലയെ പ്രതിനിധീകരിച്ചു. അമേരിക്കൻ നേതൃത്വത്തിൽ മറ്റു സർക്കാരുകൾ തന്റെ രാജ്യത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് അവർ യു എൻ സഭയിൽ തുറന്നു പറഞ്ഞിരുന്നു.

നിയമനിർമ്മാണം, വിദേശനയം, ആശയവിനിമയം, സാമ്പത്തികം തുടങ്ങിയ മേഖലകളിൽ രണ്ടു പതിറ്റാണ്ടിലേറെയായി ഡെൽസി റോഡ്രിഗസ് പ്രവർത്തിച്ചു വരുന്നുണ്ട്. വൈസ് പ്രസിഡന്റ് പദവിക്കൊപ്പം തന്നെ ധനകാര്യം, എണ്ണ വകുപ്പുകളുടെ മന്ത്രികൂടിയാണ്.

1969 മേയ് 18ന് കരാക്കസിലാണ് ഡെൽസി റോഡ്രിഗസിന്റെ ജനനം. 1970 കളിൽ ലിഗ സോഷ്യലിസ്റ്റ് പാർട്ടി രൂപീകരിച്ച ഗറില്ല പോരാളി ജോർജ്ജ് അന്റോണിയോ റോഡ്രിഗസിന്റെ മകളാണ്. സഹോദരൻ ജോർജ്ജ് റോഡ്രിഗസും ഒരു ഉന്നത രാഷ്ട്രീയക്കാരനാണ്. നിലവിൽ അദ്ദേഹം ദേശീയ അസംബ്ലിയുടെ പ്രസിഡന്റായി സേവനമനുഷ്ഠിക്കുന്നു.

ഡെൽസി റോഡ്രിഗസ് 2013 ൽ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ മന്ത്രിയായിരുന്നു. 2014 – 17 കാലത്ത് വിദേശകാര്യ മന്ത്രിയായി. ഐക്യരാഷ്ട്ര സഭ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വേദികളിൽ വെനസ്വേലയെ പ്രതിനിധീകരിച്ചു. വൈസ് പ്രസിഡന്റാകുന്നതിന് മുമ്പ്, 2017 മുതൽ 2018 വരെ അവർ ദേശീയ ഭരണഘടനാ അസംബ്ലിയുടെ അധ്യക്ഷയായിരുന്നു. പുതിയ ഭരണഘടന തയ്യാറാക്കുന്നതിനാണ് ഈ ബോഡി സൃഷ്ടിക്കപ്പെട്ടിരുന്നത്.

- Advertisement -

വെനസ്വേലയിലെ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് 1993 ൽ ബിരുദം നേടി. പഠന കാലത്ത് തന്നെ വിദ്യാർഥി പ്രസ്ഥാനങ്ങളിൽ സജീവമായിരുന്നു. തുടർപഠനത്തിനായി പാരീസിലെത്തി.

അവർ ഞങ്ങളെ ആക്രമിച്ചു, പക്ഷേ ഞങ്ങളെ തകർക്കില്ല, എന്നാണ് വെനസ്വേല പ്രതിരോധ മന്ത്രി ജനറൽ വ്‌ളാഡിമിർ പാഡ്രിനോ ലോപ്പസ് പ്രഖ്യാപിച്ചത്. ആഭ്യന്തര മന്ത്രി ഡിയോസ്ഡാഡോ കാബെല്ലോ, രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ വെനിസ്വേലക്കാർ തെരുവിലിറങ്ങാൻ ആവശ്യപ്പെട്ടു. ഈ എലികൾ നമ്മെ ആക്രമിച്ചു, അവർ ചെയ്തതിൽ അവർ ഖേദിക്കും, എന്നായിരുന്ന വാക്കുകൾ.

ശനിയാഴ്ച കാരക്കാസിൽ വിവിധ സ്ഥലങ്ങളിൽ ജനം തെരുവിലിറങ്ങി. സർക്കാരിനെ പിന്തുണച്ച് റാലി നടത്തുകയും അമേരിക്കൻ പതാകകൾ കത്തിക്കുകയും ചെയ്തു. എന്നാൽ യു എസ് ആക്രമണ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നതിനാൽ ഭീതിയുടെ അന്തരീക്ഷം തുടരുന്നു.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment