പാർട്ടിയിൽ നിന്നൊഴിവാക്കിയെന്ന മുട്ടാപോക്ക് ന്യായം പറയുന്നുണ്ടങ്കിലും കോൺഗ്രസ് നേതാക്കൾക്ക് കീറാമുട്ടിയായി തന്നെ തുടരുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്ന ജൂനിയർ മാൻഡ്രേക്ക് നൽകുന്ന തലവേദന. അതിൻ്റെ അവസാനത്തെ ഇരയായത് തലമുതിർന്ന നേതാവായ പി ജെ കുര്യനാണ്. അതിനു കാരണമായതാകട്ടെ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ചർച്ചകളുമാണ്. രാഹുലിനെ ഒരു കാരണവശാലും പാലക്കാട്ട് മത്സരിപ്പിക്കേണ്ടതില്ലന്ന കുര്യൻ്റെ നിലപാട് തിരുത്താൻ അദ്ദേഹത്തിന് മണിക്കൂറുകൾ പോലും വേണ്ടി വന്നില്ല എന്നത് വലിയ കൗതുകവുമായി.
പെരുന്നയിലെ മന്നം സമാധി പരിപാടിക്കിടെ പി ജെ കുര്യൻ്റെ ചെവിയിൽ മന്ത്രിക്കുന്ന രാഹുൽ മാങ്കൂട്ടത്തെ എല്ലാവരും കണ്ടു. നിമിഷങ്ങൾക്കുള്ളിൽ പി ജെ കുര്യൻ മലക്കം മറിയുന്ന കാഴ്ച കണ്ട് ഞെട്ടിയവരിൽ കോൺഗ്രസ് നേതാക്കൾ തന്നെയായിരുന്നു മുന്നിൽ. എന്തു വെടിമരുന്നാണ് കുര്യൻ്റെ ചെവിയിൽ രാഹുൽ കത്തിച്ചിട്ടത് എന്നവർ അത്ഭുതപ്പെടുകയാണ്. പാർട്ടി നടപടി ഒഴിവായാൽ രാഹുൽ മത്സരിക്കട്ടേ എന്നായിരുന്നു പിന്നത്തെ ‘കുര്യമൊഴി’. മിക്ക നേതാക്കളേയും കുഴിലിറക്കാൻ കഴിയുന്ന ‘സാധനങ്ങൾ ‘ രാഹുലിൻ്റെ കയ്യിലുണ്ടെന്നാണ് ഇപ്പോൾ കോൺഗ്രസ് അണികൾക്കിടയിലെ പിന്നാമ്പുറ വർത്തമാനം.
എന്തിനേയും ഏതിനേയും പുച്ഛത്തോടെ മാത്രം വിമർശിക്കുന്ന കെ മുരളീധരൻ്റെ ഭാഷയ്ക്കു പോലും രാഹുൽ വിഷയത്തിൽ വല്ലാത്തൊരു ‘ കോഴിമുട്ട – നല്ലെണ്ണ ‘ വഴുവഴുപ്പുണ്ട്. നേർപ്പെങ്ങളുടെ മാതാ – പിതാക്കളെ പണ്ട് രാഹുൽ സ്മരിച്ചതിനു പോലും മറുമൊഴി പറയാൻ മുരളി നേതാവിനു പേടി തന്നെയായിരുന്നു. ഇതിനിടയിൽ പെരുന്നയിൽ നടന്ന ചടങ്ങുകഴിഞ്ഞ് പുറത്തേക്കു നടന്നു വന്ന രമേശ് ചെന്നിത്തലയെ കണ്ട് വിനയാന്വിതനായി എണീറ്റു നിന്ന രാഹുലിനെ കണ്ടഭാവം പോലും നടിക്കാതെ നടന്നു പോയ ചെന്നിത്തല നൽകുന്ന വ്യത്യസ്ഥ സന്ദേശം എന്തെന്ന് വ്യക്തമാണല്ലോ.
തെരഞ്ഞെടുപ്പ് അടുക്കുംതോറും അഗ്നിപർവതം പോലെ തിളച്ചു മറിയുന്ന കോൺഗ്രസിന് മാങ്കൂട്ട പേടിയും കൂടി ഉണ്ടാക്കിയേക്കാവുന്ന ആഘാതം ചെറുതാവില്ല. നിലപാട് എന്നത് എന്നും അജ്ഞാത വസ്തുവായ കോൺഗ്രസ് ഇതും അതിജീവിക്കും എന്നു കരുതാം. സീറ്റു കാര്യം വരുമ്പോൾ ഇതൊന്നുമാവില്ലല്ലോ മാനദണ്ഡം. വിജയം മാത്രമായിരിക്കും അന്തിമ ലക്ഷ്യം, അതു തന്നെയാവും സീറ്റു നിർണയത്തിലെ അവസാന മാനദണ്ഡവും.
