സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരമെന്ന് സൂചന. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതിനായി ഒരുക്കങ്ങൾ വേഗത്തിലാക്കി.
നാളെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. മാർച്ചിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനമിറങ്ങും. 2021 ഏപ്രിൽ ആറിനായിരുന്നു കേരളത്തിൽ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ വട്ടം നടന്നത്.
കേരളമടക്കം തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് b സംസ്ഥാനങ്ങളിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർമാരുടെ യോഗമാണ് തിങ്കളാഴ്ച ഡൽഹിയിൽ നടക്കുന്നത്. സി ഇ ഒക്ക് പുറമേ തെരഞ്ഞെടുപ്പ് സുരക്ഷ ചുമതലയുള്ള എ ഡി ജി പിയും പങ്കെടുക്കും. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി വോട്ടിങ് യന്ത്രങ്ങളുടെ സാങ്കേതിക പരിശോധന തുടങ്ങിയിട്ടുണ്ട്.
അതേസമയം, 2026 ഫെബ്രുവരി 21നാണ് എസ് ഐ ആർ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക. ഇതുപ്രകാരമാകും തെരഞ്ഞെടുപ്പ് നടക്കുക. സംസ്ഥാനത്ത് എസ് ഐ ആറിന് സമാന്തരമായി ബൂത്ത് പുനഃക്രമീകരണവും നടന്നിരുന്നു. ഒരു ബൂത്തിൽ പരമാവധി 1150 പേരെ ഉൾപ്പെടുത്തിയാണ് പുനഃക്രമീകരിച്ചത്.
ഇതുപ്രകാരം പുതുതായി വന്ന 5003 എണ്ണമടക്കം 30,044 ബൂത്തുകളാണ് ഉണ്ടാവുക. കൊവിഡ് സാഹചര്യത്തിൽ, പ്രധാന ബൂത്തുകൾക്ക് (25,041) പുറമേ ഓക്സിലറി ബൂത്തുകൾ (15,730) ഉൾപ്പെടെ 40,771 ബൂത്തുകളാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനുണ്ടായിരുന്നത്.
