തദ്ദേശ തിരഞ്ഞെടുപ്പ് : എ ഐ പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം

At Malayalam
2 Min Read

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ) ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. ആധുനിക സാങ്കേതിക വിദ്യകളിലൂടെ വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും നിര്‍മ്മിക്കുന്നതും അവ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉപയോഗിക്കുന്നതിനുമെതിരെ ശക്തമായ നടപടികളുണ്ടാവും. പ്രചാരണത്തിന്റെ വിശ്വാസ്യതയും മത്സരത്തിലെ തുല്യതയും ഉറപ്പാക്കുന്നതിന് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണം നടത്തുന്നവരും ഇക്കാര്യം കൃത്യമായി ശ്രദ്ധിക്കണമെന്നും കമ്മീഷണര്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് കാലത്ത് സാങ്കേതികവിദ്യകള്‍ ദുരുപയോഗം ചെയ്യപ്പെടുന്നതിനുള്ള സാധ്യത കൂടുതലാണ്. പ്രചാരണത്തിന് ഉപയോഗിക്കുന്ന ഡീപ് ഫേക്ക്, സിന്തറ്റിക് കണ്ടന്റ് എന്നിവ പൊതുജനാഭിപ്രായത്തെ തെറ്റിദ്ധരിപ്പിക്കാനും തിരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കാനും സാധ്യതയുള്ളതായി കമ്മീഷന്‍ വിലയിരുത്തി. ഇത് സംബന്ധിച്ച് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. സാങ്കേതികവിദ്യയുടെ ദുരുപയോഗമില്ലാതെ തിരഞ്ഞെടുപ്പ് നടത്തുന്നത് നീതിപൂര്‍വ്വമാക്കാന്‍ എല്ലാവരുടെയും സഹകരിക്കണമെന്നും കമ്മീഷണര്‍ ആവശ്യപ്പെട്ടു.

ഐ ടി ആക്റ്റ് 2000, ഐ ടി (ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ് ) റൂള്‍സ് 2021, ഭാരതീയ ന്യായ സംഹിത 2023, മാതൃകാ പെരുമാറ്റചട്ടം എന്നിവയിലുള്ള എല്ലാ വ്യവസ്ഥകളും ഇത്തരം ഉള്ളടക്കങ്ങളുടെ നിര്‍മ്മാണത്തിലും പ്രചാരണത്തിലും കൃത്യമായി പാലിക്കണം. ഡീപ് ഫേക്ക് വീഡിയോ, ഓഡിയോ, തെറ്റായ വിവരങ്ങള്‍, സ്ത്രീകളെ അപമാനിക്കുന്ന ഉള്ളടക്കം, കുട്ടികളെ പ്രചാരണത്തിനായി ഉപയോഗിക്കുന്നത്, മൃഗങ്ങളോടുള്ള ഹിംസ പ്രചരിപ്പിക്കുന്നത് എന്നിവ പൂര്‍ണ്ണമായും വിലക്കുന്നു.

പ്രചാരണത്തിനായി ഉപയോഗിക്കുന്ന എ ഐ അല്ലെങ്കില്‍ ഡിജിറ്റലായി മാറ്റം വരുത്തിയ എല്ലാ ഉള്ളടക്കങ്ങളിലും ‘A I Generated’ / ‘Digitally Enhanced’ / ‘Synthetic Content’ എന്നീ വ്യക്തമായ ലേബലുകള്‍ ഉള്‍ക്കൊള്ളണം. വീഡിയോയില്‍ സ്‌ക്രീനിനു മുകളിലായി, ചിത്രങ്ങളില്‍ കുറഞ്ഞത് 10 ശതമാനം ഡിസ്‌പ്ലേ ഭാഗത്തും ഓഡിയോയില്‍ ആദ്യ 10 ശതമാനം സമയദൈര്‍ഘ്യത്തിലും ലേബല്‍ വ്യക്തമായി ഉണ്ടാകണം. ഉള്ളടക്കം സൃഷ്ടിച്ച വ്യക്തിയുടെ / സ്ഥാപനത്തിന്റെ പേര് മെറ്റാഡാറ്റയിലും വിവരണത്തിലും വെളിപ്പെടുത്തണം.

- Advertisement -

ഒരാളുടെ രൂപം, ശബ്ദം, സ്വത്വം തുടങ്ങിയവ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ മാറ്റിയും അനുമതിയില്ലാതെയും പ്രചരിപ്പിക്കുന്നതും പൂര്‍ണ്ണമായും നിരോധിച്ചു. പാര്‍ട്ടികളുടെ ഔദ്യോഗിക സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ ഇത്തരം ഉള്ളടക്കം കണ്ടെത്തുകയോ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്താല്‍ മൂന്നു മണിക്കൂറിനുള്ളില്‍ അത് നീക്കം ചെയ്യണം. കൂടാതെ അവയുടെ സൃഷ്ടിക്ക് ഉത്തരവാദികളായവര്‍ക്ക് മുന്നറിയിപ്പ് നല്‍കണം, വ്യാജ അക്കൗണ്ടുകളും നിയമവിരുദ്ധ വിവരങ്ങളും അതത് പ്ലാറ്റ്ഫോമുകള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യണം. എ ഐ ഉപയോഗിച്ച് നിര്‍മ്മിച്ച എല്ലാ പ്രചാരണ സാമഗ്രികളും സൃഷ്ടിക്കപ്പെട്ട തീയതി, നിര്‍മ്മാതാവിന്റെ വിവരങ്ങള്‍ എന്നിവ ആഭ്യന്തര രേഖകളായി രാഷ്ട്രീയ പാര്‍ട്ടികള്‍ സൂക്ഷിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment