മക്കയിൽ നിന്ന് മദീനയിലേക്ക് പോയ ഇന്ത്യൻ തീർത്ഥാടകർ യാത്ര ചെയ്ത ബസ് അപകടത്തിൽ പെട്ട് 40 മരണമെന്ന് റിപ്പോർട്ട്. തീർത്ഥാടകർ സഞ്ചരിച്ച ബസ്, ഡീസൽ ടാങ്കറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ഹൈദരാബാദിൽ നിന്നുള്ളവരാണ് സംഘത്തിലുള്ളതെന്നാണ് വിവരം. സംഘത്തിൽ അധികവും സ്ത്രീകളും കുട്ടികളുമായിരുന്നു. ഇന്ത്യൻ സമയം രാത്രി ഒന്നരയോടെയായിരുന്നു അപകടം.
മദീനയിൽ നിന്നും 160 കിലോമീറ്റർ അകലെ മുഹറാസ് എന്ന സ്ഥലത്തു വച്ചാണ് അപകടം നടന്നത്. 11 സ്ത്രീകളും 10 കുട്ടികളും മരിച്ചെന്നാണ് അനൗദ്യോഗിക വിവരം. സിവിൽ ഡിഫൻസും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്.
