ശബരിമലയിലെ സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എന്‍ വാസുവിനെ എസ് ഐ ടി ചോദ്യം ചെയ്തു. വാസുവിന്റെ പി എ ആയിരുന്ന സുധീഷ് കുമാറിന്റെ അറസ്റ്റിനു പിന്നാലെയാണ് മൊഴിയെടുത്തത്. എസ് പി ശശിധരന് ആണ് മുന്‍ ദേവസ്വം കമ്മീഷണര്‍ കൂടിയായിരുന്ന എന്‍ വാസുവിന്റെ മൊഴിയെടുത്തത്.
ശബരിമലയില്‍ സ്വര്‍ണപ്പാളി കടത്തിക്കൊണ്ടുപോയ സംഭവം നടക്കുമ്പോള്‍ എക്സിക്യൂട്ടീവ് ഓഫീസറായിരുന്നു നേരത്തെ അറസ്റ്റിലായ സുധീഷ് കുമാര്‍. പിന്നീട് എന്‍ വാസു പ്രസിഡന്റായപ്പോള്‍ അദ്ദേഹത്തിന്റെ പി എ ചുമതലയിലേക്കും സുധീഷ് എത്തുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഗൂഢാലോചന സംബന്ധിച്ച എന്‍ വാസുവിലേക്കും എത്തിയിരിക്കുന്നത്. സ്വര്‍ണക്കടത്ത് സംബന്ധിച്ച് എന്‍ വാസുവിനോ അദ്ദേഹത്തിന്റെ ഓഫീസിനോ അറിവുണ്ടായിരുന്നോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.
