ശബരിമല മണ്ഡല – മകരവിളക്ക് തീർത്ഥാടനം ; വെർച്ച്വൽ ക്യൂ ബുക്കിംഗ് ഇന്നു മുതൽ

At Malayalam
1 Min Read

ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന്റെ ഭാഗമായി ഭക്തർക്കായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് ഇന്ന് വൈകിട്ട് അഞ്ചുമണി മുതൽ ആരംഭിക്കും. sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ് ദർശനത്തിനായുള്ള സ്ലോട്ട് ബുക്ക് ചെയ്യേണ്ടത്. ഒരു ദിവസം 70,000 ഭക്തർക്കാണ് വെർച്വൽ ക്യൂ വെബ്സൈറ്റ് വഴി സ്ലോട്ട് ബുക്ക് ചെയ്യാൻ സാധിക്കുക. വണ്ടിപ്പെരിയാർ സത്രം, എരുമേലി, നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ റിയൽ ടൈം ബുക്കിംഗ് കേന്ദ്രങ്ങളും ഉണ്ടാകും. ഒരു ദിവസം പരമാവധി ഇരുപതിനായിരം ഭക്തരെയാണ് റിയൽ ടൈം ബുക്കിംഗ് വഴി ദർശനത്തിനായി അനുവദിക്കുക.

തീർഥാടകർക്കുള്ള അപകട ഇൻഷുറൻസ് പരിരക്ഷ കഴിഞ്ഞ വർഷം നാലു ജില്ലകളിൽ നടക്കുന്ന അപകട മരണങ്ങൾക്ക് മാത്രമായിരുന്നു. ഈ തീർത്ഥാടനകാലം മുതൽ കേരളത്തിൽ എവിടെ വച്ച് അയ്യപ്പ ഭക്തർക്ക് ശബരിമല യാത്ര മധ്യേ അപകടമുണ്ടായാലും അഞ്ചു ലക്ഷം രൂപ പരിരക്ഷ ലഭിക്കുന്ന തരത്തിൽ വ്യാപിപ്പിച്ചിട്ടുണ്ട്. ഇതു കൂടാതെ മരണപ്പെടുന്നരുടെ ഭൗതിക ശരീരം നാട്ടിൽ എത്തിക്കുന്നതിന് കേരളത്തിനകത്ത് 30,000 രൂപ വരെയും കേരളത്തിനു പുറത്തേക്ക് ഒരു ലക്ഷം വരെയും ആംബുലൻസ് ചെലവ് നൽകുന്നുമുണ്ട്. കൂടാതെ ഈ വർഷം മുതൽ ഇൻഷുറൻസ് പരിരക്ഷ ശബരിമല ഡ്യൂട്ടി നോക്കുന്ന ദേവസ്വം ബോർഡ് സ്ഥിരം, ദിവസവേതന ജീവനക്കാർക്കും കൂടാതെ മറ്റു സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്കും കൂടി ലഭിക്കുന്നതാണ്.

നിലയ്ക്കൽ മുതൽ സന്നിധാനം വരെ തീർത്ഥാടന പാതയിൽ ഭക്തർക്കുണ്ടാകുന്ന ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ അസുഖങ്ങൾ മൂലം സ്വാഭാവിക മരണം സംഭവിക്കുന്നവർക്ക് നഷ്ട്ടപരിഹാരം ഇതുവരെ ഉണ്ടായിരുന്നില്ല. എന്നാൽ ഈ വർഷം മുതൽ അസുഖം മൂലം സ്വഭാവിക മരണം സംഭവിക്കുന്നവർക്ക് കൂടി മൂന്നു ലക്ഷം രൂപ ധനസഹായം ലഭ്യമാകുന്ന പിൽഗ്രിം വെൽഫയർ നിധി കൂടി ആരംഭിച്ചു.

ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിന് അടിസ്ഥാന രേഖയായി പരിഗണിക്കുന്നത് ഓൺലൈൻ വെർച്വൽ ക്യൂ ബുക്കിംഗ് ഐ ഡി ആയതിനാൽ പരമാവധി ഭക്തർ ഓൺലൈൻ ബുക്കിംഗ് സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment