കോടതി മുറിക്കുള്ളില്‍ ചീഫ് ജസ്റ്റിസിനു നേരെ ഷൂ എറിയാന്‍ ശ്രമിച്ച സംഭവത്തില്‍ നടപടി. അഭിഭാഷകന്‍ രാകേഷ് കിഷോറിനെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സസ്‌പെന്‍ഡ് ചെയ്തു. രാകേഷ് കിഷോറിന്റെ പ്രവര്‍ത്തി കടുത്ത അച്ചടക്ക ലംഘനമാണെന്ന് സസ്‌പെന്‍ഷന്‍ ഉത്തരവില്‍ ഒപ്പിട്ട ബി സി ഐ ചെയര്‍മാന്‍ മനാന്‍ കുമാര്‍ മിശ്ര അഭിപ്രായപ്പെട്ടു. സുപ്രീംകോടതി ബാര്‍ അസോസിയേഷനും സുപ്രീംകോടതി അഡ്വക്കേറ്റസ് – ഓണ്‍ – റെക്കോര്‍ഡ് അസോസിയേഷനും നടപടിയെ അപലപിച്ചു.
രാവിലെ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിയുടെ കോടതിയിലായിരുന്നു സംഭവം. ജഡ്ജിമാരുടെ ഡയസിനടുത്തെത്തി അഭിഭാഷകന്‍ രാകേഷ് കിഷോര്‍ ഷൂ ഊരി ചീഫ് ജസ്റ്റിസിനെ എറിയാന്‍ ശ്രമിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ സമയോചിതമായി ഇടപെട്ട് അഭിഭാഷകനെ പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. സനാതന ധര്‍മ്മത്തിന് നേരെയുള്ള അപമാനം ഇന്ത്യ വെച്ചുപൊറുപ്പിക്കില്ല എന്ന് വിളിച്ചുപറഞ്ഞാണ് രാകേഷ് കിഷോര്‍ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായിക്ക് നേരെ ഷൂ എറിയാന്‍ ശ്രമിച്ചത്.