രാജ്യത്ത് 2,000 രൂപയുടെ നോട്ടുകൾ ഇപ്പോഴും പ്രചാരത്തിലുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ ബി ഐ) പറയുന്നു. കഴിഞ്ഞ ദിവസം ആർ ബി ഐ പുറത്തിറക്കിയ ഔദ്യോഗിക കണക്കുകൾ പ്രകാരം 5,884 കോടി രൂപാ മൂല്യമുള്ള 2,000 രൂപ നോട്ടുകൾ രാജ്യത്ത് ഇപ്പോഴും പ്രചാരണത്തിലുണ്ട്. 2023 മേയ് 19 നാണ് 2,000 രൂപയുടെ നോട്ടുകൾ രാജ്യത്തു നിന്നും പിൻവലിക്കുന്നതായി ആർ ബി ഐ പ്രഖ്യാപിച്ചിരുന്നത്.
2,000 രൂപയുടെ നോട്ടുകൾ പിൻവലിക്കുന്നു എന്ന് പ്രഖ്യാപിക്കുമ്പോൾ 3.56 ലക്ഷം കോടി രൂപ മൂല്യമുള്ള നോട്ടുകൾ പ്രചാരണത്തിലുണ്ടായിരുന്നു. എന്നാൽ രണ്ടു വർഷം പിന്നിട്ടപ്പോൾ അത് 5,884 കോടി രൂപയായി കുറഞ്ഞ് 98.35 ശതമാനം രൂപയും തിരിച്ചെത്തിയതായി കാണുന്നുവെന്ന് ആർ ബി ഐ പുറത്തുവിട്ട കണക്കിൽ പറയുന്നു. 2023 മേയ് 19 മുതൽ ആർ ബി ഐ അനുവദിച്ച 19 സ്ഥാപനങ്ങൾ വഴി 2 ,000 രൂപ നോട്ടുകൾ മാറ്റിവാങ്ങാനുള്ള സൗകര്യവും ബാങ്ക് ഒരുക്കിയിരുന്നു. കൂടാതെ 2023 ഒക്ടോബർ 9 മുതൽ ആർ ബി ഐ അനുവദിച്ച വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നതിനായി 2,000 രൂപ നോട്ടുകൾ സ്വീകരിക്കാനും തുടങ്ങിയിരുന്നു.
രാജ്യത്തെ പ്രധാന നഗരങ്ങളായ അഹമ്മദാബാദ്, ബംഗളൂരു, ബോലാപൂർ, ഭോപ്പാൽ, ഭുവനേശ്വർ, ചണ്ഡീഗഢ്, ചെന്നൈ, ഗുവാഹത്തി, ഹൈദരാബാദ്, ജയ്പൂർ, ജമ്മു, കാൺപൂർ, കൊൽക്കത്ത, ലഖ്നൗ, മുംബൈ, നാഗ്പൂർ, ന്യൂഡൽഹി, പട്ന, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് ആർ ബി ഐ ഔദ്യോഗികമായി അനുവദിച്ച ഓഫീസുകൾ ഉണ്ടായിരുന്നത്. കൂടാതെ പൊതുജനങ്ങൾക്ക് രാജ്യത്തെ ഏത് പോസ്റ്റ് ഓഫീസ് വഴിയും 2,000 രൂപ നോട്ടുകൾ മാറ്റി വാങ്ങാമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി 2016 നവംബർ 8ന് പ്രചാരണത്തിലുണ്ടായിരുന്ന 1000, 500 രൂപ നോട്ടുകൾ പിൻവലിക്കുകയും പകരം പുതിയ 500 രൂപ നോട്ടും 1000 രൂപക്ക് പകരം 2 ,000 രൂപ നോട്ടുമാണ് അന്ന് അവതരിപ്പിച്ചിരുന്നത്.
