തിരുവനന്തപുരം വർക്കലയിൽ വാഹനാപകടത്തിൽ സംസ്ഥാന ഫിഷറീസ് വകുപ്പിലെ രണ്ടു വനിതാ ഉദ്യോഗസ്ഥർക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം വെട്ടൂർ കാട്ടുവിള സ്വദേശി അൻസീന, ചെറുന്നിയൂർ സ്വേദേശി ഷൈലജാ ബീഗം എന്നിവർക്കാണ് പരിക്കേറ്റത്. വർക്കല രഘുനാഥപുരം റോഡിൽ ഇന്ന് വൈകീട്ടാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ച സ്‌കൂട്ടർ വർക്കല നിന്നും രഘുനാഥപുരത്തേക്കു പോയ സ്കോർപിയോ കാർ ഇടിച്ചുതെറിപ്പിച്ചെന്നാണ് സ്ഥലത്തു നിന്നു ലഭിക്കുന്ന വിവരം
പരിക്കേറ്റവരെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രികളിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർ അപകടനില തരണം ചെയ്തോയെന്ന് വ്യക്തമല്ല. വെട്ടൂർ പഞ്ചായത്ത് പരിധിയിൽ പ്രവർത്തിക്കുന്ന ഫിഷറീസ് വകുപ്പിലെ വനിതാ ഉദ്യോഗസ്ഥരാണ് അപകടത്തിൽപ്പെട്ടത്. രഘുനാഥപുരം സ്വദേശിയുടെ വീട് മെയിൻ്റനൻസ് ചെയ്യുന്നതിനുള്ള അപേക്ഷ പരിശോധിക്കാൻ ഈ വീട് സന്ദർശിച്ച് ഓഫീസിലേക്ക് മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്. സ്കോർപിയോ കാർ അമിത വേഗത്തിലായിരുന്നുവെന്നും ഇതാണ് അപകടത്തിന് കാരണമെന്നും പ്രദേശവാസികൾ പറയുന്നു.