മോഹൻലാലിന് ദാദാ സാഹേബ് ഫാൽക്കെ ; ലഭിക്കുന്നത് രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതി

At Malayalam
1 Min Read

രാജ്യത്തെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം മലയാളത്തിൻ്റെ സ്വന്തം മോഹൻലാലിന്. ഇന്ത്യൻ സിനിമയ്ക്കു നൽകിയ സമ​ഗ്ര സംഭാവനയ്ക്കാണ് പുരസ്ക്കാരം ലഭിക്കുന്നത്. 2023 ലെ പുരസ്ക്കാരമാണ് ഇപ്പോൾ പ്രഖ്യാപിച്ചത്.

തലമുറകളെ പ്രചോദിപ്പിക്കുന്നതാണ് മോഹൻലാലിന്റെ സിനിമായാത്രകളെന്ന് പുരസ്ക്കാര വാർത്ത പുറത്തുവിട്ടുകൊണ്ടുള്ള കുറിപ്പിൽ പറയുന്നു. നടനും സംവിധായകനും നിർമാതാവുമായ മോഹൻലാലിനെ ആദരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭ, വൈദ​ഗ്ധ്യം, കഠിനാധ്വാനം തുടങ്ങിയവ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ സുവർണസ്ഥാനം നേടിയെന്നും കുറിപ്പിലുണ്ട്.

2025 സെപ്തംബർ 23 ന് നടക്കുന്ന എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാര വിതരണ ചടങ്ങിൽ മോഹൻലാലിന് ബഹുമതി നൽകും. കഴിഞ്ഞ വർഷത്തെ ദാദാ സാഹേബ് ഫാൽക്കെ പുരസ്ക്കാരം ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്കായിരുന്നു. സംവിധായകൻ അടൂർ ഗോപാലകൃഷ്ണനാണ് ഇതിനു മുമ്പ് ഫാൽക്കെ പുരസ്കാരം ലഭിച്ച മലയാളി. 2004 ലാണ് അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്.
രാജ്യത്തെ പ്രഥമ സമ്പൂർണ ഫീച്ചർ സിനിമയായ രാജ ഹരിശ്ചന്ദ്രയുടെ സംവിധായകനായ ദാദാ സാഹേബ് ഫാൽക്കെയുടെ സ്മരണ നിലനിർത്താൻ കേന്ദ്രസർക്കാർ 1969 ൽ ഏർപ്പെടുത്തിയതാണ് പുരസ്ക്കാരം.

Share This Article
Leave a comment