ബുള്ളറ്റും ബൈക്കും കൂട്ടിയിടിച്ച് മൂന്നു യുവാക്കൾക്ക് ദാരുണാന്ത്യം

At Malayalam
1 Min Read

കൊല്ലത്ത് വിവാഹത്തിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന മൂവർസംഘം സഞ്ചരിച്ച ബൈക്കും ബുള്ളറ്റും കൂട്ടിയിടിച്ച് മൂന്നു യുവാക്കൾക്ക് ദാരുണാന്ത്യം. ഒരാൾക്ക് സാരമായി പരിക്കേറ്റു. ആറ്റിങ്ങൽ വാസുദേവപുരം അശ്വതി ഭവനിൽ കൃഷ്ണന്റെ മകൻ കെ അജിത്ത് (28), കൊട്ടാരക്കര നീലേശ്വരം കളപ്പില താഴേതിൽ വീട്ടിൽ കെ എസ് വിനോദ് കുമാറിന്റെ മകൻ വി എസ് വിജിൽ കുമാർ (26), സുഹൃത്തായ മലപ്പുറം കോട്ടപ്പുറം വളാഞ്ചേരി കുന്നുകുഴിപ്പറമ്പിൽ വിശ്വനാഥന്റെ മകൻ വി സഞ്ജയ് (21) എന്നിവരാണ് മരിച്ചത്. പട്ടാമ്പി പള്ളിപ്പടി കൊഴിഞ്ഞിപ്പറമ്പിൽ വീട്ടിൽ ശശീന്ദ്രന്റെ മകൻ എസ് അക്ഷയ്ക്ക് (23) പരിക്കേറ്റു. ഇദ്ദേഹത്തെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ – നീലേശ്വരം – അമ്പലത്തുംകാല റോഡിൽ നീലേശ്വരം എസ് എൻ ഡി പി യോഗം ശാഖാ ഗുരുക്ഷേത്രത്തിനു മുന്നിലായിരുന്നു അപകടം. കൊട്ടാരക്കര ഭാഗത്തുനിന്നു ബുള്ളറ്റിൽ അമ്പലത്തുംകാല ഭാഗത്തേക്ക് പോവുകയായിരുന്നു അജിത്തും വിജിലും സംഘവും എതിർ ദിശയിൽ നിന്നാണ് ബൈക്കിലെത്തിയത്. ഇടിയെ തുടർന്ന് നാലുപേരും റോഡിലേക്ക് തെറിച്ചുവീണു. വിജിലിന്റെ സംഘത്തിലുള്ള മറ്റ് മൂന്നുപേർകൂടി അപ്പോഴേക്കും മറ്റൊരു ബൈക്കിൽ സ്ഥലത്തെത്തി. ശബ്ദംകേട്ട് ഓടിക്കൂടിയവർ അതുവഴി വന്ന ഒരു വാഹനത്തിൽ രണ്ടു പേരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അധികം വൈകാതെ ആംബുലൻസ് എത്തി മറ്റു രണ്ടുപേരെയും താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ മൂന്നുപേരുടെ ജീവൻ രക്ഷിക്കാനായില്ല.

പവിത്രേശ്വരം മാറനാട് ഓഡിറ്റോറിയത്തിൽ നടന്ന സുഹൃത്തായ സുധീഷിന്റെ ജ്യേഷ്ഠന്റെ വിവാഹത്തിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്നു വിജിലും സംഘവും. സുഹൃത്തുക്കൾ തലേദിവസം തന്നെ വിജിലിന്റെ വീട്ടിൽ എത്തിയിരുന്നു. സോഷ്യൽ മീഡിയയിൽ വാർത്തകണ്ട് പെൺസുഹൃത്ത് എത്തിയാണ് അജിത്തിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്. ഗാർഡനിംഗ് ബിസിനസ് നടത്തിവരികയായിരുന്നു അജിത്ത്. മൃതദേഹങ്ങൾ ഇന്ന് പോസ്റ്റു മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കൊട്ടാരക്കര പൊലീസ് കേസെടുത്തു.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment