യുവ ഡോക്ടർ നൽകിയ പരാതി തനിക്കെതിരായ ഗൂഢാലോചന മാത്രമെന്ന് റാപ്പർ വേടൻ. എല്ലാം തന്നെ കുടുക്കാനുള്ള പദ്ധതിയുടെ ഭാഗമാണ്. അതിൽ യാതൊരു സംശയവും തനിക്കില്ലെന്നും വേടൻ പറഞ്ഞു. താനെങ്ങോട്ടും പോകുന്നില്ലെന്നും കേസ് നിലനിൽക്കുകയല്ലേ എല്ലാം വഴിയേ നോക്കാമെന്നും വേടൻ പറഞ്ഞു. അതേസമയം വേടനെ സ്ഥിരം കുറ്റവാളിയാക്കാൻ ശ്രമം നടക്കുന്നുവെന്ന് കാണിച്ച് അദ്ദേഹത്തിന്റെ സഹോദരൻ മുഖ്യമന്ത്രിക്ക് പരാതി നൽകി.
കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതലൊന്നും പറയുന്നില്ല. ഈ തിരക്കും കേസുമെല്ലാം കഴിഞ്ഞ് ബാക്കികാര്യങ്ങളെല്ലാം സംസാരിക്കാമെന്നും വേടൻ പറഞ്ഞു. ഗൂഢാലോചനയുണ്ടായി എന്നതിൽ തനിക്ക് യാതൊരുവിധ സംശയവുമില്ല. അക്കാര്യങ്ങളെല്ലാം പിന്നീട് പറയാമെന്നും വേടൻ വ്യക്തമാക്കി. ഗവേഷക വിദ്യാർഥി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ ഹാജരാകാനെത്തിയതായിരുന്നു വേടന്‍.
അതേസമയം വേടനെതിരായ കേസുകൾ കൊണ്ട് കുടുംബത്തിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് പരാതിയിൽ പറഞ്ഞിരിക്കുന്നതെന്ന് റാപ്പർ വേടന്റെ സഹോദരൻ ഹരിദാസ് വ്യക്തമാക്കിയിരുന്നു. ആദ്യമായാണ് ഇത്തരം കാര്യങ്ങളിലൂടെ കടന്നുപോകുന്നത്. പരാതി കൊടുത്തതിനു ശേഷം പൊലീസ് ബന്ധപ്പെട്ടിട്ടില്ലെന്നും കുടുംബത്തെ തന്നെ ഇല്ലാതാക്കുന്ന രീതിയിലാണ് പരാതികൾ വരുന്നതെന്നും സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
യുവ ഡോക്ടർ നൽകിയ പരാതിയിൽ റാപ്പര്‍ വേടനെ തൃക്കാക്കര പൊലീസാണ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ഹൈക്കോടതി വേടന് മുൻകൂർ ജാമ്യം അനുവദിച്ചിട്ടുള്ളതിനാൽ അറസ്റ്റിനെ തുടർന്ന് ജാമ്യത്തിൽ വിട്ടു. തൃക്കാക്കര എ സി പിയുടെ നേതൃത്വത്തിലുളള ചോദ്യംചെയ്യലിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സൗഹൃദം നടിച്ച് പ്രണയത്തിലാവുകയും പിന്നീട് വിവാഹ വാഗ്ദാനം നൽകി രണ്ടു വർഷത്തിനിടെ അഞ്ചു തവണ ലൈംഗികമായി പീഡിപ്പിക്കുകയും പാട്ട് പുറത്തിറക്കാൻ എന്ന പേരിൽ 31,000 രൂപ തട്ടിയെടുക്കുകയും ചെയ്തു എന്നാണ് കേസ്.
അതേസമയം വേടനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചിരുന്നു. എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസില്‍ കഴിഞ്ഞ ദിവസം വേടന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ലൈംഗിക ആരോപണങ്ങൾക്കിടെ കഴിഞ്ഞ ദിവസം വേടൻ സംഗീത പരിപാടിയിൽ പങ്കെടുത്തിരുന്നു. പത്തനംതിട്ട കോന്നിയില്‍ നടന്ന സംഗീത പരിപാടിയിലാണ് വേടന്‍ പങ്കെടുത്തത്. താന്‍ എവിടെയും പോയിട്ടില്ലെന്ന് വേടന്‍ പരിപാടിക്കിടെ പറഞ്ഞു.
ജനങ്ങൾക്കു മുന്നിൽ ജീവിച്ചു മരിക്കാനാണ് തന്റെ തീരുമാനമെന്നും വേടൻ പറഞ്ഞിരുന്നു. വേടൻ്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തുകയും മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള തെളിവുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം 2021 ഓഗസ്റ്റ് മുതൽ 2023 മാർച്ച് വരെ അഞ്ച് സന്ദർഭങ്ങളിലായി കോഴിക്കോട്, കൊച്ചി ഏലൂരിലെ സുഹൃത്തിന്റെ വീട്, തന്റെ ഫ്ലാറ്റ് എന്നിവിടങ്ങളിൽവെച്ച് പീഡിപ്പിച്ചതായാണ് യുവ ഡോക്ടറുടെ പരാതി. വേടനുമായി സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നും താൻ മാനസികമായി തകർന്നുപോയെന്നും പരാതിയിൽ പറയുന്നു.
