കൊല്ലം റെയില്‍വേ സ്റ്റേഷന്‍ വികസനം : 65 ദിവസത്തേക്ക് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം

At Malayalam
1 Min Read

കൊല്ലം റെയില്‍വേ സ്റ്റേഷന്‍ വികസനവുമായി ബന്ധപ്പെട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍, ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണമുണ്ട്. ഇന്നു മുതല്‍ നവംബര്‍ 14 വരെയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഈ ദിവസങ്ങളില്‍ കൊല്ലം റെയില്‍വേ സ്റ്റേഷന്‍ വഴി കടന്നു പോകുന്ന ചില ട്രെയിനുകള്‍ 20 മിനിറ്റു വരെ വൈകിയേക്കുമെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.

കൊല്ലം റെയില്‍വേ സ്റ്റേഷന്‍ നവീകരിക്കുന്നതിന്റെ ഭാഗമായി ഒന്നാമത്തെ പ്ലാറ്റ്‌ഫോമുമായി ബന്ധിപ്പിച്ചുള്ള എയര്‍ കോണ്‍കോഴ്സ് നിര്‍മാണത്തിനായാണ് ട്രെയിന്‍ ഗതാഗത നിയന്ത്രണം. എയര്‍ കോണ്‍കോഴ്സ് നിര്‍മാണം ഒക്ടോബര്‍ 10 ന് ആരംഭിക്കും. അതിന് മുന്നോടിയായി ബീം സ്ഥാപിക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ആരംഭിക്കുന്നത്. ഇതിനൊപ്പം പ്ലാറ്റ്‌ഫോമുകളിലെ കോര്‍ബെല്‍, ട്രെഡില്‍ ബീമുകളും പൊളിച്ചുമാറ്റുന്ന ജോലികളും ആരംഭിക്കും. സൗത്ത് ടെര്‍മിനല്‍ കെട്ടിടം പൊളിച്ചുനീക്കുന്ന പ്രവര്‍ത്തനങ്ങളും ഇതിനൊപ്പം നടക്കും.

ഇത് തീവണ്ടി ഗതാഗതത്തെ ബാധിക്കുമെന്നതിനാല്‍ കൊല്ലം റെയില്‍വേ സ്റ്റേഷനിലെ പ്രധാന പാതകളിലൂടെയുള്ള ട്രെയിനുകള്‍ 20 മിനിറ്റു വരെ വൈകാന്‍ സാധ്യതയുണ്ടെന്ന് റെയില്‍വേ അറിയിക്കുന്നു. നിര്‍മാണ സമയത്ത് സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളും യാത്രക്കാരുടെ സുരക്ഷിതമായ യാത്രക്കു വേണ്ട മുന്‍കരുതലുകളും സ്വീകരിക്കുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്.

രാവിലെ 10.45നും 12.15നും ഇടയില്‍ ഒന്നര മണിക്കൂറും രാത്രി പത്തര മുതല്‍ പുലര്‍ച്ചെ മൂന്നര വരെയുള്ള അഞ്ചു മണിക്കൂറുമായിരിക്കും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുക. ട്രെയിന്‍ ഗതാഗതത്തെ പൂര്‍ണമായും ബാധിക്കാതിരിക്കാനാണ് നിര്‍മാണത്തിനായി ഇത്തരമൊരു സമയക്രമം ഏര്‍പ്പെടുത്തുന്നത്. നിര്‍മാണം നടക്കുന്ന സമയങ്ങളില്‍ തിരുവനന്തപുരത്തേക്കും എറണാകുളം ഭാഗത്തേക്കും പോകേണ്ട ട്രെയിനുകളെ കൊല്ലം സ്റ്റേഷനിലെ 5, 6, 7, 8 പാതകളിലൂടെ കടത്തിവിടും.

- Advertisement -

കൂടാതെ തിരുവനന്തപുരത്തേക്കുള്ള ട്രെയിനുകളെ ചില സമയങ്ങളില്‍ എറണാകുളത്തേക്കുള്ള അപ് ലൈനിലൂടെയും കടത്തിവിടും. ഇതുകാരണമാണ് ട്രെയിനുകള്‍ 20 മിനിറ്റ് വരെ വൈകുകയെന്ന് റെയില്‍വേ അറിയിച്ചു.

Share This Article
Leave a comment