തിരുവനന്തപുരവും കോഴിക്കോടുമുൾപ്പെടെ രാജ്യത്തെ അഞ്ച് വിമാനത്താവളങ്ങളിൽക്കൂടി അതിവേഗ ഇമിഗ്രേഷൻ ക്ലിയറൻസ് സംവിധാനം സജ്ജമായി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വെർച്വലായാണ് ഉദ്ഘാടനം ചെയ്തത്. വേരിഫിക്കേഷൻ കഴിഞ്ഞ ഇന്ത്യക്കാർക്കും ഒ സി ഐ ( ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ ) കാർഡ് ഉള്ളവർക്കും വേഗത്തിൽ ക്ലിയറൻസ് നൽകുന്ന സംവിധാനമാണിത്.
കോഴിക്കോടിന് പുറമെ ലഖ്‌നൗ, തിരുവനന്തപുരം, ട്രിച്ചി, അമൃത്സർ എന്നീ വിമാനത്താവളങ്ങളിലും ഇന്നു മുതൽ സംവിധാനം സജ്ജമായി. ഇവിടങ്ങളിലൂടെ നിന്നു യാത്രയാകുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് വേഗത്തിലുള്ളതും പേപ്പർ രഹിതവുമായ ഇമിഗ്രേഷൻ ക്ലിയറൻസ് ലഭിക്കും. ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (FTI-TTP).
എങ്ങനെ പ്രവർത്തിക്കുന്നു
യോഗ്യത : ആദ്യ ഘട്ടത്തിൽ, ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്കും OCI കാർഡ് ഉടമകൾക്കും ഈ പദ്ധതി സൗജന്യമായി ലഭ്യമാണ്. രണ്ടാം ഘട്ടത്തിൽ വിദേശ സഞ്ചാരികളെ ഉൾപ്പെടുത്തും.
അപേക്ഷ : യാത്രക്കാർ www.ftittp.mha.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. നിശ്ചിത വിമാനത്താവളത്തിലോ ഫോറിനേഴ്‌സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസിലോ ( F R R O ) ബയോമെട്രിക്സ് ( വിരലടയാളങ്ങളും മുഖചിത്രങ്ങളും ) നൽകണം. രജിസ്ട്രേഷൻ പൂർത്തിയായാൽ അഞ്ചു വർഷത്തേക്ക് അല്ലെങ്കിൽ പാസ്‌പോർട്ട് കാലഹരണപ്പെടുന്നത് വരെ, ഏതാണ് ആദ്യം വരുന്നത് അത് വരെ സാധുതയുണ്ടാകും.
ഇ – ഗേറ്റുകൾ എങ്ങനെ ഉപയോഗിക്കാം : യാത്രക്കാർ ഓട്ടോമേറ്റഡ് ഗേറ്റിൽ അവരുടെ ബോർഡിംഗ് പാസും പാസ്‌പോർട്ടും സ്കാൻ ചെയ്യുന്നു, തുടർന്ന് ബയോമെട്രിക് നൽകണം. ഇത് പൂർത്തിയാകുന്നതോടെ തൽക്ഷണം ക്ലിയറൻസ് പൂർത്തിയായി ഗേറ്റ് തുറക്കും.
ഈ പ്രോഗ്രാം യാത്ര വേഗത്തിലാക്കുക മാത്രമല്ല, ഓഫീസർമാരുടെ നേരിട്ടുള്ള ഇടപെടൽ കുറയ്ക്കുകയും അന്താരാഷ്ട്ര യാത്ര കൂടുതൽ സുഗമവും സുരക്ഷിതവുമാക്കുകയും ചെയ്യുമെന്ന് ഉദ്യോഗസ്ഥർ എടുത്തുപറഞ്ഞു.
ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:
അംഗീകൃത അപേക്ഷകർക്ക് അവരുടെ ബയോമെട്രിക്സ് വിശദാംശങ്ങൾ നൽകുന്നതിന് അപ്പോയിന്റ്മെന്റ് ഷെഡ്യൂൾ ചെയ്യാൻ ഒരു സന്ദേശം ലഭിക്കും.
ഇന്ത്യയിലെ നിയുക്ത അന്താരാഷ്ട്ര വിമാനത്താവളങ്ങളിലോ അടുത്തുള്ള ഫോറിനേഴ്‌സ് റീജിയണൽ രജിസ്ട്രേഷൻ ഓഫീസിലോ ( F R R O ) അപേക്ഷകർക്ക് അപ്പോയിന്റ്മെന്റ് ഷെഡ്യൂൾ അനുസരിച്ച് അവരുടെ ബയോമെട്രിക്സ് നൽകാവുന്നതാണ്.
അപേക്ഷ പ്രോസസ്സിംഗ് പൂർത്തിയാക്കുന്നതിന് ബയോമെട്രിക്സ് നിർബന്ധമാണ്.
F T I – T T P-ക്ക് അപേക്ഷിക്കുമ്പോൾ അപേക്ഷകർക്ക് കുറഞ്ഞത് ആറ് മാസത്തെ പാസ്‌പോർട്ട് സാധുത ഉറപ്പാക്കണം.
ഓട്ടോമേറ്റഡ് ഗേറ്റുകൾ ( ഇ – ഗേറ്റുകൾ) വഴി സ്‌ക്രീൻ ചെയ്യുന്ന അന്താരാഷ്ട്ര യാത്രക്കാർക്കായി ത്വരിതപ്പെടുത്തിയ ഇമിഗ്രേഷൻ പാതയിലൂടെ ലോകോത്തര ഇമിഗ്രേഷൻ സൗകര്യങ്ങൾ വികസിപ്പിച്ചുകൊണ്ട് അന്താരാഷ്ട്ര യാത്ര എളുപ്പവും സുരക്ഷിതവുമാക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.
ആവശ്യമായ പരിശോധനയ്ക്കു ശേഷം വിശ്വസനീയ യാത്രക്കാരുടെ ഒരു വൈറ്റ് ലിസ്റ്റ് സൃഷ്ടിക്കുകയും ഇ – ഗേറ്റുകൾ വഴി നടപ്പിലാക്കുന്നതിനായി ഫീഡ് ചെയ്യുകയും ചെയ്യും. ഇ – ഗേറ്റുകളിലൂടെ കടന്നുപോകുന്ന വിശ്വസനീയ യാത്രക്കാരന്റെ ബയോമെട്രിക്സ് F R R O ഓഫീസിലോ രജിസ്റ്റർ ചെയ്ത യാത്രക്കാരൻ വിമാനത്താവളത്തിലൂടെ കടന്നുപോകുന്ന സമയത്തോ പകർത്തും.
ഈ പ്രക്രിയ പ്രകാരം, രജിസ്റ്റർ ചെയ്ത യാത്രക്കാർ ഇ – ഗേറ്റുകളിൽ എത്തുമ്പോൾ അവരുടെ വിമാനത്തിന്റെ വിശദാംശങ്ങൾ ലഭിക്കുന്നതിന് ഇ – ഗേറ്റുകളിൽ എയർലൈനുകൾ നൽകുന്ന ബോർഡിംഗ് പാസ് സ്കാൻ ചെയ്യും. പാസ്‌പോർട്ടും സ്കാൻ ചെയ്യുകയും യാത്രക്കാരുടെ ബയോമെട്രിക്സ് ഇ -ഗേറ്റുകളിൽ പ്രാമാണീകരിക്കുകയും ചെയ്യും. യാത്രക്കാരന്റെ യഥാർത്ഥ ഐഡന്റിറ്റി സ്ഥാപിക്കുകയും ബയോമെട്രിക് പ്രാമാണീകരണം നടത്തുകയും ചെയ്തുകഴിഞ്ഞാൽ, ഇ – ഗേറ്റ് സ്വയമേവ തുറക്കുകയും ഇമിഗ്രേഷൻ ക്ലിയറൻസ് ലഭിച്ചതായി കണക്കാക്കുകയും ചെയ്യും.