സംസ്ഥാനത്ത് വരുന്ന അഞ്ചു ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ബുധനാഴ്ച മഴ സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്ന പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രിയോടെ മലയോര മേഖലയിൽ ആയിരിക്കും കൂടുതൽ മഴ സാധ്യത. ഇടിമിന്നലിനും സാധ്യതയുണ്ടെങ്കിലും പകൽ ചൂട് കൂടിയേക്കുമെന്നും മുന്നറിയിപ്പുണ്ട്.
മാന്നാർ കടലിടുക്കിനു മുകളിലും തെക്കൻ ഒഡീഷയ്ക്കും വടക്കൻ ആന്ധ്രാപ്രദേശ് തീരത്തിനും മുകളിലുമായി രണ്ടു ചക്രവാതചുഴികൾ നിലനിൽക്കുന്നു. കൂടാതെ ഗുജറാത്ത് തീരത്തിനടുത്തായി ന്യൂനമർദവും തുടരുന്നു. ഇത് കണക്കിലെടുത്ത് മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ, കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കില്ല.