ലൈംഗിക പീഡന ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തിൽ എം എൽ എ ഇരകളിലൊരാളെ ഗര്‍ഭഛിദ്രം നടത്തിച്ചതുമായി ബന്ധപ്പെട്ട നിർണായക രേഖകൾ ക്രൈം ബ്രാഞ്ചിന് ലഭിച്ചെന്ന് റിപ്പോർട്ട്. ഇതോടെ കേസിൽ അന്വേഷണം വേഗത്തിലാക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചെന്നാണ് വിവരം. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രി അധികൃതരില്‍ നിന്നാണ് രാഹുലിനെതിരായ നിര്‍ണായക രേഖകള്‍ ക്രൈം ബ്രാഞ്ചിന് ലഭിച്ചത്. ഈ സാഹചര്യത്തിൽ കൂടുതല്‍ അന്വേഷണത്തിന് സംഘം ഉടന്‍ ബംഗളൂരുവിലേക്ക് പോകും.
രണ്ടു യുവതികളാണ് ഗര്‍ഭഛിദ്രത്തിന് വിധേയരായത്. ഇതിലൊരാളെ രാഹുല്‍ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിച്ചത് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണെന്നാണ് അറിയുന്നത്. ഈ ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന തുടർ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ യുവതിയില്‍ നിന്ന് പൊലീസ് നേരിട്ട് മൊഴിയെടുക്കും. രാഹുലിനെതിരേ യുവതി മൊഴി നല്‍കിയാല്‍ പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തും. അതിജീവിതമാരെ സ്വാധീനിച്ചും ഭീഷണിപ്പെടുത്തിയും കേസില്‍ നിന്ന് രക്ഷപ്പെടാന്‍ രാഹുല്‍ മാങ്കൂട്ടത്തിൽ ശ്രമിക്കുന്നതായും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചിട്ടുണ്ട്. എന്നാല്‍ രാഹുലിനെതിരേ ഇരകളാരും ഇതുവരെ അന്വേഷണ സംഘത്തെ സമീപിച്ചിട്ടില്ല.
നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുംവിധം സന്ദേശം അയച്ചു, ഫോണിൽ ഭീഷണിപ്പെടുത്തി, സ്ത്രീകളെ സമൂഹമാധ്യമങ്ങള്‍ വഴി പിന്തുടര്‍ന്ന് ശല്യം ചെയ്തു, സ്ത്രീകള്‍ക്ക് മാനസിക വേദനയ്ക്ക് ഇടയാക്കുംവിധം പ്രവര്‍ത്തിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് രാഹുലിനെതിരേ കേസെടുത്തിരിക്കുന്നത്.