വിമാനം 30,000 അടി ഉയരത്തിൽ പറക്കുന്നു. ഇതിനിടെ മാജിക് മഷ്റൂം ഉപയോഗിച്ച ശേഷം എൻജിനുകൾ ഓഫാക്കാൻ പൈലറ്റിൻ്റെ ശ്രമം. സഹപൈലറ്റിന്റെ ഇടപെടലിൽ ഒഴിവായതോ വൻ ദുരന്തവും. വിമാനം അടിയന്തരമായി നിലത്തിറക്കിയ സംഭവത്തിൽ ഒടുവിൽ മുൻ പൈലറ്റ് കുറ്റസമ്മതം നടത്തി.
അമേരിക്കയിലെ വാഷിംഗ്ടണിൽ നിന്ന് സാൻസ്ഫ്രാൻസിസ്കോയിലേക്ക് 80 യാത്രക്കാരുമായി പോയ യാത്രാവിമാനത്തിലെ എൻജിനുകളാണ് പൈലറ്റ് ലഹരിയുപയോഗിച്ചതിനു ശേഷം ഓഫാക്കാൻ ശ്രമിച്ചത്. 2023 ൽ നടന്ന സംഭവത്തിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുൻ പൈലറ്റ് കുറ്റസമ്മതം നടത്തിയത്. വിമാനത്തിലുണ്ടായിരുന്നവരെയും കരിയറിനേയും അപകടത്തിലാക്കിയെന്നാണ് ജോസഫ് എമേഴ്സൺ എന്ന പൈലറ്റ് കുറ്റസമ്മതം നടത്തിയത്. ദീർഘകാലം ജയിൽ ശിക്ഷ ഒഴിവാക്കുന്നതിനാണ് പൈലറ്റിന്റെ കുറ്റസമ്മതമെന്നാണ് അഭിഭാഷകർ പറയുന്നത്.
വാഷിംഗ്ടണിലെ എവറെറ്റിൽ നിന്ന് സാൻസ്ഫ്രാൻസിസ്കോയിലേക്ക് പോവുകയായിരുന്ന ഹൊറൈസൺ എയറിന്റെ വിമാനത്തിന്റെ എൻജിനുകളാണ് അന്ന് കോക്പിറ്റിലുണ്ടായിരുന്ന ജോസഫ് എമേഴ്സൺ ഓഫാക്കാൻ ശ്രമിച്ചത്. അലാസ്കാ വിമാനത്തിലെ പൈലറ്റായിരുന്നു ഇയാൾ. ഹൊറൈസൺ എയറിന്റെ വിമാനത്തിലെ കോക്പിറ്റിനുള്ളിലെ എക്സ്ട്രാ സീറ്റിലായിരുന്നു ജോസഫ് എമേഴ്സൺ സഞ്ചരിച്ചിരുന്നത്.
സമചിത്തത കൈവിടാതിരുന്ന പ്രധാന പൈലറ്റ് വിമാനം പോർട്ട്ലാൻഡിൽ അടിയന്തരമായി ലാൻഡ് ചെയ്ത് യാത്രക്കാരെ സുരക്ഷിതമാക്കിയിരുന്നു. 80 യാത്രക്കാരും ക്രൂ അംഗങ്ങളുമായിരുന്നു ഈ സമയത്ത് വിമാനത്തിലുണ്ടായിരുന്നത്. സ്റ്റേറ്റ് കോടതി, സംഭവത്തിൽ പൈലറ്റിന് 50 ദിവസം ജയിൽ ശിക്ഷയും അഞ്ചു വർഷത്തെ നിരീക്ഷണവും ശിക്ഷ വിധിച്ചിരുന്നു. കാലിഫോർണിയ സ്വദേശിയാണ് ജോസഫ് എമേഴ്സൺ. കോക്പിറ്റിൽ കയറാൻ ഫിറ്റ്നെസ് ഇല്ലാത്ത നിലയിൽ കോക്പിറ്റിലെത്തി യാത്രക്കാരെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് ഇയാൾക്കെതിരായ മറ്റൊരു കുറ്റം.
ഫെഡറൽ കേസിൽ നവംബറിൽ വിധി പ്രഖ്യാപിക്കുമെന്നിരിക്കെയാണ് പൈലറ്റിന്റെ ഇപ്പോഴത്തെ കുറ്റസമ്മതം. തന്റെ അടുത്ത സുഹൃത്തിന്റെ മരണത്തിൽ അതീവ ദുഖിതനായിരുന്നതിലാണ് മാജിക് മഷ്റൂം ഉപയോഗിച്ചതെന്നാണ് പൈലറ്റ് വിശദമാക്കുന്നത്. 2023 ഡിസംബറിലാണ് കേസിൽ വിചാരണ നടക്കാനിരിക്കെ ജയിലിൽ നിന്ന് 2023 ഡിസംബറിലാണ് ജോസഫ് എമേഴ്സൺ ജാമ്യത്തിലിറങ്ങിയത്.