ഓണക്കാലത്തെ വിൽപ്പനയിൽ സപ്ലൈകോ ഇത്തവണ റെക്കോഡിട്ടതായി കണക്ക്. ഉത്രാട ദിനത്തിൽ ഉച്ചവരെ 55.21 ലക്ഷം ഉപഭോക്താക്കളാണ് സപ്ലൈകോ സ്റ്റോറുകൾ സന്ദർശിച്ചത്. ഓണക്കാല വിൽപന 375 കോടി രൂപ കടന്നതായി സപ്ലൈകോ അറിയിച്ചു. ഇതിൽ 175 കോടി രൂപ സബ്‌സിഡി സാധനങ്ങളുടെ വിൽപനയിലൂടെയാണ്. സപ്ലൈകോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന വിറ്റുവരവായ 15.7 കോടിയെ ഭേദിച്ച് 15.37 കോടിയിൽ വിൽപന എത്തിയത് ഓഗസ്റ്റ് 27 നായിരുന്നു.
ഓഗസ്റ്റ് മാസം അവസാന വാരം തൊട്ട് പ്രതിദിന വിൽപന റെക്കോർഡുകൾ ഭേദിച്ചു. ഓഗസ്റ്റ് 29 ന് വിൽപന 17.91 കോടിയും 30ന് 19.4 കോടിയും സെപ്റ്റംബർ ഒന്നിന് 22.2 കോടിയും രണ്ടിന് 24.99 കോടിയും മൂന്നിന് 24.22 കോടിയും കടന്നു.
സെപ്റ്റംബർ മൂന്നു വരെ 1.19 ലക്ഷം ക്വിന്റൽ അരി വില്പനയിലൂടെ 37.03 കോടി രൂപയുടെയും 20.13 ലക്ഷം ലിറ്റർ ശബരി വെളിച്ചെണ്ണ വില്പനയിലൂടെ 68.96 കോടി രൂപയുടെയും 1.11 ലക്ഷം ലിറ്റർ കേര വെളിച്ചെണ്ണ വില്പനയിലൂടെ 4.95 കോടി രൂപയുടെ വിറ്റുവരവുണ്ടായി. ജില്ലാ ഫെയറുകളിൽ 4.74 കോടി രൂപയുടെയും നിയോജക മണ്ഡല ഫെയറുകളിൽ 14.41 കോടി രൂപയുടെയും വില്പന നടന്നു.