യാത്രയിൽ മുല്ലപ്പൂ കൈയിൽ വച്ചതിന് ചലച്ചിത്ര നടി നവ്യ നായര്‍ ഒരു ലക്ഷം രൂപയിലേറെ ഓസ്ട്രേലിയയിലെ മെല്‍ബണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിഴയൊടുക്കേണ്ടി വന്നു. ആകെ 15 സെന്റിമീറ്റര്‍ മുല്ലപ്പൂവാണത്രേ നടിയുടെ കൈവശം ഉണ്ടായിരുന്നത്. അതിനാണ് കനത്ത തുക അവർ പിഴയായി ഒടുക്കേണ്ടി വന്നത്. നവ്യ തന്നെയാണ് ഇക്കാര്യം പുറത്തറിയിച്ചത്.
ഓസ്ട്രേലിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ പങ്കെടുക്കാനായാണ് നവ്യ നായര്‍ അവിടേക്ക് പോയിരുന്നത്. മുല്ലപ്പൂ കൊണ്ടുപോകാന്‍ നിയമതടസമുണ്ട് എന്ന കാര്യം തനിക്ക് അറിയില്ലായിരുന്നു എന്നാണ് നവ്യ പറയുന്നത്. 1980 ഓസ്ട്രേലിയന്‍ ഡോളര്‍ (ഏകദേശം ഒന്നേകാല്‍ ലക്ഷം ഇന്ത്യന്‍ രൂപ) ഓസ്ട്രേലിയയിലെ കാർഷിക വകുപ്പ് പിഴ ചുമത്തിയിരിക്കുകയാണ്. ഇത് നവ്യ ഉടൻ അടയ്ക്കുകയും വേണം.
മുല്ലപ്പൂ വാങ്ങിയത് തൻ്റെ പിതാവായിരുന്നു. നാട്ടിൽ നിന്ന് തിരിച്ചപ്പോൾ രണ്ട് കഷണങ്ങളാക്കി സൂക്ഷിച്ചു വച്ചു. കൊച്ചി മുതല്‍ സിങ്കപ്പൂര്‍ വരെ ഒരു കഷണം മുടിയില്‍ വയ്ക്കാന്‍ അച്ഛന്‍ പറഞ്ഞു. സിങ്കപ്പൂരെത്തുമ്പോഴേക്കും അത് വാടിയിട്ടുണ്ടാകും. സിങ്കപ്പൂരില്‍ നിന്ന് രണ്ടാമത്തെ കഷണം ഹാന്‍ഡ്ബാഗില്‍ വെക്കാനും അദ്ദേഹം പറഞ്ഞിരുന്നു. ചെറിയ ബാഗിലാക്കി അത് സൂക്ഷിച്ചുവച്ചിരുന്നു.
ഈ രാജ്യത്ത് നിയമവിരുദ്ധമായ കാര്യമാണതന്ന് അറിയില്ലായിരുന്നു. അറിയാതെ ചെയ്ത തെറ്റ്. അറിവില്ലായ്മ തെറ്റ് ശരിയാക്കില്ലെന്നറിയാം. പിഴ ഒടുക്കാൻ തയ്യാറാണെന്നും നവ്യ പറഞ്ഞു.