രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ യുവതിയെ ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന കേസിൽ അന്വേഷണത്തിൽ പുരോഗതി ഉണ്ടാക്കാനാകാതെ ക്രൈംബ്രാഞ്ച് എന്ന് റിപ്പോർട്ട്. ഇരകളായ യുവതികളുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘത്തിന് ഇനിയും സാധിച്ചിട്ടില്ല. മൂന്നാം കക്ഷികളായ പരാതിക്കാരിൽ നിന്ന് മൊഴിയെടുക്കാൻ മാത്രമാണ് ക്രൈംബ്രാഞ്ചിന് ഇതുവരെ കഴിഞ്ഞത്.
നടി റിനിയുടെ വെളിപ്പെടുത്തൽ, ഗർഭഛിദ്രം നടത്താൻ യുവതിയെ പ്രേരിപ്പിക്കുന്ന വിധത്തിൽ മാധ്യമങ്ങളിലൂടെ പുറത്തുവന്ന ശബ്ദരേഖ തുടങ്ങിയ തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസിനും ബാലാവകാശ കമ്മീഷനും ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു രാഹുലിനെതിരെ കേസെടുത്ത് അന്വേഷണം നടത്താനുള്ള ക്രൈംബ്രാഞ്ച് തീരുമാനം. കേസ് രജിസ്റ്റർ ചെയ്ത് 10 ദിവസം കഴിഞ്ഞിട്ടും അന്വേഷണത്തിൽ പുരോഗതിയുണ്ടായിട്ടില്ല. ഇരയാക്കപ്പെട്ട യുവതികളുടെ മൊഴിയെടുത്ത് കേസ് അന്വേഷണവുമായി മുന്നോട്ട് പോകാനാണ് ക്രൈംബ്രാഞ്ച് ലക്ഷ്യമിട്ടത്. എന്നാൽ മൊഴി നൽകാൻ യുവതികൾ തയാറായിട്ടില്ലെന്നാണ് വിവരം.
കേസുമായി മുന്നോട്ടു പോകാനുള്ള താൽപര്യക്കുറവ് അടുത്തു ബന്ധമുള്ളവരോട് യുവതികൾ പങ്കുവെച്ചതായും വിവരമുണ്ട്. മാധ്യമങ്ങളിലൂടെ ആരോപണം ഉന്നയിച്ച റിനിക്കും ആവന്തികയ്ക്കും നിയമ നടപടിയുമായി മുന്നോട്ട് പോകാൻ താൽപര്യമില്ല. ഈ സാഹചര്യത്തിൽ സംഭവവുമായി നേരിട്ട് ബന്ധമില്ലാത്തവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ മാത്രം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കേണ്ടി വരും ക്രൈംബ്രാഞ്ചിന്. ആരോപണത്തിനു പിന്നാലെ രാഹുലിനെ ആദ്യം തള്ളിയ കോൺഗ്രസ് നേതൃത്വം ഇപ്പോൾ പ്രതിരോധം തീർക്കാൻ തുടങ്ങിയിട്ടുമുണ്ട്.