ലൈംഗിക പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ; ഒരു ജഡ്ജിക്ക് സസ്‌പെന്‍ഷൻ, മറ്റൊരു ജഡ്ജിക്കെതിരെ അച്ചടക്ക നടപടി

At Malayalam
1 Min Read

അഭിഭാഷകയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ രണ്ട് ജില്ലാ ജഡ്ജിമാര്‍ക്കെതിരെ നടപടി. ഡല്‍ഹി സാകേത് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് സഞ്ജീവ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. വനിതാ അഭിഭാഷകയുടെ പരാതിയില്‍ ഡല്‍ഹി ഹൈക്കോടതി ഫുള്‍ കോര്‍ട്ട് ചേര്‍ന്നാണ് തീരുമാനമെടുത്തത്.

മറ്റൊരു ജില്ലാ ജഡ്ജിയായ അനില്‍ കുമാറിനെതിരെ അച്ചടക്ക നടപടിയെടുക്കാനും കോടതി നിര്‍ദ്ദേശം നല്‍കി. ജഡ്ജി സഞ്ജീവ് കുമാറിനെ ഉടനടി സസ്‌പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയ കോടതി, മുന്‍കൂര്‍ അനുമതിയില്ലാതെ ഡല്‍ഹി വിട്ടുപോകുന്നത് വിലക്കിയിട്ടുമുണ്ട്. ഡല്‍ഹി ഹൈക്കോടതിയില്‍ ജൂലൈ മാസത്തിലാണ് 27 കാരിയായ അഭിഭാഷക, ഹൈക്കോടതി ചീഫ് ജസ്റ്റിസിനും രജിസ്ട്രാര്‍ക്കും പരാതി നല്‍കിയത്.

ഒരു അഭിഭാഷകനെതിരെ ബലാത്സംഗക്കേസ് നല്‍കിയ യുവതിയായ അഭിഭാഷകയെ ഭീഷണിപ്പെടുത്തുകയും പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തുവെന്ന് ആരോപിച്ചാണ് പരാതി. കേസ് ഒത്തുതീര്‍പ്പാക്കാന്‍ 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. പരാതി പിന്‍വലിച്ചില്ലെങ്കില്‍ അഭിഭാഷകയുടെ സഹോദരനെ മയക്കുമരുന്നു കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

കേസുമായി ബന്ധപ്പെട്ട് നിരവധി ഓഡിയോ, ഡിജിറ്റല്‍ തെളിവുകള്‍ യുവ അഭിഭാഷക ഹൈക്കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഗുരുതര ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് 27, 28 തീയതികളില്‍ രണ്ടു ജില്ലാ ജഡ്ജിമാരെയും ഹൈക്കോടതി വിളിപ്പിച്ചിരുന്നു. ഇവരുടെ വാദം കൂടി കേട്ടശേഷമാണ് ഇരുവര്‍ക്കുമെതിരെ നടപടിയെടുക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.

- Advertisement -
Share This Article
Leave a comment