കടൽത്തീരത്തും കടലിലുമായി ചാക്കിൽക്കെട്ടിയ നിലയിൽ നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെത്തി. കഴിഞ്ഞ ദിവസം രാവിലെ കാഞ്ഞങ്ങാട് ബല്ലാ കടപ്പുറത്താണ് കടലിൽ ഒരു ചാക്കുകെട്ട് ഒഴുകി നീങ്ങുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
ഇതിനു സമാനമായ മറ്റൊരു ചാക്കുകെട്ട് തീരത്തടിഞ്ഞ നിലയിലും കണ്ടെത്തി. സംശയം തോന്നിയ നാട്ടുകാർ ചാക്കു കെട്ടുകൾ തുറന്നു പരിശോധിച്ചപ്പോഴാണ് നിരോധിത പുകയില ഉൽപന്നങ്ങളാണെന്ന് തിരിച്ചറിഞ്ഞത്.
ഉടൻ തന്നെ നാട്ടുകാർ പൊലീസിനെ അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് സംഘം പുകയില ഉൽപന്നങ്ങൾ പരിശോധിച്ച ശേഷം സ്റ്റേഷനിലേക്കു മാറ്റി. തീരത്തും കടലിലുമായി നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയത് കടൽ വഴിയുള്ള കള്ളക്കടത്ത് സംബന്ധിച്ച സംശയം വർദ്ധിപ്പിച്ചിട്ടുണ്ട്.
പരിശോധന ശക്തമായതിനെ തുടർന്ന് കടൽ വഴി ചരക്ക് നീക്കം നടക്കുന്നുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കടലിൽ പട്രോളിങ് നടത്തുന്ന പൊലീസ് സംഘത്തെ കണ്ട് കടത്തുകാർ ചാക്കുകെട്ടുകൾ ഉപേക്ഷിച്ചതാകാനാണ് സാധ്യതയെന്നും കരുതുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.