ശബരിമല വിഷയത്തിലടക്കം ഒരു കാലത്ത് ഇടതു സർക്കാരുമായി കൊമ്പു കോർത്തിരുന്ന എൻ എസ് എസ് മെല്ലെ ഇടതേക്ക് ചരിയുന്നത് കൗതുകക്കാഴ്ചയായി. ഇപ്പോൾ കോൺഗ്രസും ബി ജെ പിയും ശക്തമായി എതിർക്കുന്ന ആഗോള അയ്യപ്പസംഗമത്തിനു തങ്ങളുടെ പൂർണ പിന്തുണയുണ്ടന്ന് എൻ എസ് എസ് അറിയിച്ചു. സംസ്ഥാന സർക്കാർ, ശബരിമലയിലെ ആചാരം സംരക്ഷിക്കുമെന്ന് പൂർണവിശ്വാസമുണ്ടെന്നും അയ്യപ്പസംഗമം ശബരിമല വികസനത്തിനുള്ള ചർച്ചാവേദി കൂടിയാകുമെന്നും എൻ എസ് എസ് വൈസ് പ്രസിഡന്റ് എം സംഗീത്കുമാർ കഴിഞ്ഞ ദിവസം പറഞ്ഞു. ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്ന ആശങ്കകളെല്ലാം സർക്കാർ ഇതിനോടകം പരിഹരിച്ചു കഴിഞ്ഞു. പഴയകാലത്തെക്കുറിച്ച് ഇനി സംസാരിക്കേണ്ട ആവശ്യമില്ലന്നും സംഗീത് കുമാർ പറഞ്ഞു.
ശബരിമലയിൽ ഒരിക്കലും ആചാരലംഘനം ഉണ്ടാകില്ലെന്നും വിശ്വാസം സംരക്ഷിക്കപ്പെടുമെന്നും സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്. അതിനാൽ തന്നെ അയ്യപ്പസംഗമത്തെ എതിർക്കേണ്ട ആവശ്യം വരുന്നില്ല. ആചാരലംഘനമുണ്ടായപ്പോഴെല്ലാം അതിനെ എൻ എസ് എസ് ശക്തമായി എതിർത്തിട്ടുണ്ട്. അയ്യപ്പന്റെ കാര്യമാണ്, അവിടെ നല്ലതു നടക്കട്ടെ. ജനാധിപത്യത്തിൽ എല്ലാകാലത്തും വിശ്വാസികൾ സർക്കാരിനു നേതൃത്വം നൽകി കൊള്ളണം എന്നില്ല. പത്തു കൊല്ലമായി കേരളം ഭരിക്കുന്നത് ഇടതുസർക്കാരാണ്, അവരിൽ പലരും വിശ്വാസികളുമാണ്. അതിനാൽ തന്നെ മഹത്തായ ഒരു വേദിയായി അയ്യപ്പ സംഗമം മാറുമെന്നും സംഗീത്കുമാർ പറഞ്ഞു.