ഹിമാചൽ പ്രദേശിലുണ്ടായ മിന്നൽ പ്രളയത്തിൽപ്പെട്ട് 25 അംഗ യാത്രാസംഘം കുടുങ്ങിക്കിടക്കുന്നു. കനത്ത മഴയും മണ്ണിടിച്ചിലും കാരണം റോഡു ഗതാഗതം തടസ്സപ്പെട്ടതോടെയാണ് സംഘം കൽപ്പയിൽ കുടുങ്ങിയത്. ഈ സംഘത്തിൽ 18 പേരും മലയാളികളാണ്.
കഴിഞ്ഞ രണ്ടു ദിവസമായി കൽപ്പയിൽ കുടുങ്ങിക്കിടക്കുന്ന ഇവർക്ക് ആവശ്യത്തിന് ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്ന് റിപ്പോർട്ടുകളുണ്ട്. യാത്രക്കാരിൽ ചിലർക്ക് ആരോഗ്യപ്രശ്നങ്ങളുള്ളതായും വിവരമുണ്ട്. ഷിംലയിലേക്ക് തിരികെ പോകാൻ കഴിയാതെ വിഷമിക്കുന്ന ഇവർ അടിയന്തര സഹായത്തിനായി കാത്തിരിക്കുകയാണ്.
ഓഗസ്റ്റ് 25 ന് ഡൽഹിയിൽ നിന്നു യാത്ര തുടങ്ങിയ സംഘം സ്പിറ്റിയിൽ നിന്ന് കൽപ്പയിലേക്ക് എത്തിയപ്പോഴാണ് പ്രതികൂല കാലാവസ്ഥയിൽ അകപ്പെട്ടത്. മൺസൂൺ ശക്തിപ്രാപിച്ചതോടെ ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനങ്ങളും മണ്ണിടിച്ചിലും പതിവായിരിക്കുകയാണ്. ഇത് വലിയ നാശനഷ്ടങ്ങളാണ് സംസ്ഥാനത്ത് വരുത്തിവെച്ചിരിക്കുന്നത്. നിരവധി കടകളും കൃഷിയിടങ്ങളും നശിച്ചിട്ടുണ്ട്.
