കോൺഗ്രസ് എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ വരുന്ന നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് യു ഡി എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് പറഞ്ഞു. മറിച്ചുള്ള അഭിപ്രായങ്ങളിൽ കഴമ്പില്ലെന്നും അടൂർ പ്രകാശ്. നിയമസഭാ സമ്മേളനത്തിൽ രാഹുലിനോട് പങ്കെടുക്കരുതെന്ന് പറയാൻ പാര്‍ട്ടിക്ക് കഴിയില്ലെന്നാണ് കെ പി സി സി നേതൃത്വം നിലപാട് സ്വീകരിച്ചത്.
ലൈംഗിക ആരോപണങ്ങളിൽപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്‍ഡ് ചെയ്യുകയും നിയമസഭാ കക്ഷയിൽ നിന്നും ഒഴിവാക്കുകയും ചെയ്തതോടെ സെപ്തംബര്‍ 15 മുതൽ ചേരാനിരിക്കുന്ന നിയസഭാ സമ്മേളനത്തിൽ നിന്ന് രാഹുൽ അവധിയെടുക്കാനാണ് സാധ്യതയെന്നായിരുന്നു പാര്‍ട്ടി കേന്ദ്രങ്ങൾ പറഞ്ഞിരുന്നത്. എന്നാൽ ഈ വിഷയത്തിൽ ഇപ്പോൾ ഘടക വിരുദ്ധമായ അഭിപ്രായമാണ് യു ഡി എഫ് കണ്‍വീനര്‍ കൂടിയായ അടൂർ പ്രകാശ് എം പി പറയുന്നത്.
ഇതിനെക്കാള്‍ ഗുരുതര ആരോപണം നേരിട്ടവര്‍ ഭരണ പക്ഷത്ത് ഉള്ളപ്പോള്‍ രാഹുൽ വരാതിരിക്കുന്നത് എന്തിനെന്നാണ് അടൂർ പ്രകാശ് ചോദിക്കുന്നത്. സമാനമായ അഭിപ്രായം കെ പി സി സി പ്രസിഡന്റിനുമുണ്ട്. ഒരു എം എൽ എയോട് നിയമസഭയിൽ വരരുതെന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് എങ്ങനെ പറയാൻ കഴിയുമെന്നാണ് കെ പി സി സി നേതൃത്വം ചോദിക്കുന്നത്.
രാഹുലിന്റെ നിയമസഭയിലെ ഇരിപ്പിടം മാറ്റുന്ന വിഷയത്തിൽ സ്പീക്കര്‍ക്ക് കത്തു നൽകണമോയെന്ന് ആലോചിച്ച് തീരുമാനമെടുക്കും. അതിന് സമയമുണ്ടെന്നാണ് നേതൃത്വം കരുതുന്നത്. നിയമസഭാ കക്ഷിയിൽ നിന്ന് രാഹുലിനെ ഒഴിവാക്കിയെന്ന് അറിയിച്ച് സ്പീക്കര്‍ക്ക് ഇതുവരെ തങ്ങൾ കത്തു നൽകിയിട്ടില്ല. ക്രൈംബ്രാഞ്ച് കേസെടുത്തതിനു പിന്നാലെ ഒരു വിഭാഗം നേതാക്കള്‍ക്ക് രാഹുലിനോട് സഹതാപവുമുണ്ട് . എന്നാൽ രാഹുൽ പാലക്കാടേയ്ക്ക് ഇനി വന്നാൽ ശക്തമായ സമരമെന്നാണ് ബി ജെ പി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. രാഹുലിന്റെ രാജി ആവശ്യപ്പെട്ട് പാലക്കാട്ട് ബി ജെ പി സംഘടിപ്പിച്ച മാര്‍ച്ചിൽ സംഘര്‍ഷവുമുണ്ടായി.