നാടിറങ്ങിയ കാട്ടുപന്നികളെ കൊന്നൊടുക്കാൻ പദ്ധതിയുമായി വനം വകുപ്പ്

At Malayalam
1 Min Read

നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ പൂർണമായി ഉന്മൂലനം ചെയ്യാൻ ഒരു വർഷത്തെ കർമ പദ്ധതിയുമായി സർക്കാർ. വനംവകുപ്പ് പ്രസിദ്ധീകരിച്ച മനുഷ്യ – വന്യജീവി സംഘർഷം തടയാനുള്ള നയസമീപന രേഖയുടെ കരടിൽ ആണ് നിർദേശമുള്ളത്. മനുഷ്യ – വന്യജിവി സംഘർഷം ലഘൂകരിക്കാൻ ഒരുവർഷത്തെ തീവ്രയത്ന പരിപാടിയാണ് ലക്ഷ്യമിടുന്നത്. ‘കൃഷി പുനരുജ്ജീവനവും മനുഷ്യ – വന്യജീവി സംഘർഷ ലഘൂകരണവും മിഷൻ’ എന്ന പേരിൽ പ്രഖ്യാപിച്ചിരിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം 31ന് കോഴിക്കോട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

ഒരുവർഷം നീണ്ടുനിൽക്കുന്ന ജനകീയപരിപാടി നാട്ടിലെ മുഴുവൻ കാട്ടുപന്നികളെയും പൂർണമായി ഉന്മൂലനംചെയ്യാൻ വനം വകുപ്പ് മുന്നോട്ട് വയ്ക്കുന്നത്. കാട്ടുപന്നികൾ താവളമാക്കിയ കാടുകൾ വെളുപ്പിക്കുക, ഇതിനായി തൊഴിലുറപ്പ് പദ്ധതി ഉപയോഗപ്പെടുത്തുക, നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ കൊല്ലാൻ ചീഫ് വൈൽഡ് വാർഡനുള്ള അധികാരം വിനിയോഗിച്ചായിരിക്കും പന്നികളെ കൊന്നൊടുക്കുക. യുവജന ക്ലബ്ബുകൾ, കർഷകക്കൂട്ടായ്മകൾ, കർഷകത്തൊഴിലാളികൾ, റബ്ബർ ടാപ്പർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഷൂട്ടർമാർ, വനംവകുപ്പ് ഉദ്യോഗസ്ഥർ, വനസംരക്ഷണ സമിതികൾ എന്നിവയുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാവും ഇത് നടപ്പാക്കുക. തദ്ദേശഭരണ സ്ഥാപനങ്ങൾ മുഖേനയായിരിക്കും പദ്ധതി നടപ്പാക്കുക.

തൊഴിലുറപ്പു പദ്ധതി പ്രകാരം കിടങ്ങുകൾ കുഴിച്ചും പന്നികളെ പിടികൂടും. ഇത്തരത്തിൽ പിടികൂടുന്ന പന്നികളെ എങ്ങനെ കൊല്ലാമെന്ന് നിയമസാധുത വിലയിരുത്തി തീരുമാനിക്കും. കുഴിയിൽ വീണ പന്നികളെ വിഷപ്രയോഗം, സ്‌ഫോടകവസ്തു പ്രയോഗം, വൈദ്യുതി ഷോക്ക് ഏല്പിക്കൽ എന്നിവ ഒഴികെയുള്ള മറ്റ് രീതിയിൽ കൊല്ലുന്നതുമായി ബന്ധപ്പെട്ട പ്രായോഗികതയും നിയമ സാധുതയും പരിശോധിക്കുക. നിലവിൽ വെടിവെച്ചുകൊല്ലാനാണ് അനുമതി.

കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള നടപടിക്രമങ്ങളും പരിഷ്‌കരിക്കുമെന്നും കരട് നയസമീപന രേഖ ചൂണ്ടിക്കാട്ടുന്നു. പാമ്പുകടിയേറ്റുള്ള മരണങ്ങൾ ഇല്ലാതാക്കുക, നഷ്ടപരിഹാരത്തിന് ഗ്രൂപ്പ് ഇൻഷുറൻസ്, സൗരവേലികൾ സ്മാർട്ട് ആക്കുക തുടങ്ങിയവ പരിപാടികളും നയരേഖ മുന്നോട്ടുവെക്കുന്നുണ്ട്. വന്യജീവികൾ കാരണമുള്ള മനുഷ്യമരണങ്ങൾ കുറഞ്ഞുവരുന്നതായും നയരേഖ വ്യക്തമാക്കുന്നു.

- Advertisement -
Share This Article
Leave a comment