കാസർഗോഡ് കുണ്ടംകുഴി സ്കൂളിൽ പത്താം ക്ലാസുകാരനെ കരണത്തടിച്ച് കർണ്ണപടം പൊട്ടിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ഹെഡ്മാസ്റ്റർ എം അശോകനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. അന്വേഷണത്തിന്‍റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഇന്നലെ സ്കൂളിലെത്തി ഹെഡ്മാസ്റ്റർ അശോകന്റെയും പരിക്കേറ്റ വിദ്യാർത്ഥിയുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കുണ്ടംകുഴി ജി എച്ച് എസ് എസിലെ അസംബ്ലിക്കിടെ പത്താം ക്ലാസുകാരനെ ഹെഡ്മാസ്റ്റർ അടിച്ച് കർണ്ണപടം പൊട്ടിച്ചത്. കുട്ടിയെ അടിച്ചപ്പോൾ ലക്ഷ്യം തെറ്റിയതാണെന്ന് ഹെഡ്മാസ്റ്റർ വിശദീകരിച്ചെന്ന് പി ടി എ പ്രസിഡൻ്റ് നേരത്തേ പറഞ്ഞിരുന്നു. ഹെഡ്മാസ്‌റ്ററെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികൾ സ്കൂളിലേക്ക് മാർച്ചും നടത്തിയിരുന്നു.