ഹൈദരാബാദിലെ രാമന്തപൂരിൽ ശ്രീകൃഷ്ണ ശോഭാ യാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് അഞ്ച് മരണം. ശോഭാ യാത്രയിലെ രഥം വൈദ്യുത കമ്പിയിൽ തട്ടിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ നാു പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു.
ആർ ടി സി കോളനിയിൽ ഞായറാഴ്ചയായിരുന്നു സംഭവം. പ്രദേശവാസികളാണ് മരിച്ചത്. ഘോഷയാത്ര സമാപനസ്ഥാനത്തെത്തിയപ്പോൾ വിഗ്രഹങ്ങൾ വഹിച്ചുകൊണ്ടിരുന്ന രഥം നിന്നു. തുടർന്ന് ഹൈടെൻഷൻ വയറുകളിൽ തട്ടി നിന്ന രഥം പത്തു പേർ തള്ളിമാറ്റാൻ ശ്രമിച്ചു. തുടർന്ന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. അഞ്ചു പേർ സംഭവസ്ഥലത്ത് തന്നെ കുഴഞ്ഞുവീണു മരിച്ചു. മറ്റു നാലു പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇവരെ ചികിത്സയ്ക്കായി പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി. ശ്രീകൃഷ്ണന്റെ ജന്മാഷ്ടമിയോട് അനുബന്ധിച്ചായിരുന്നു ഘോഷയാത്ര.
കൃഷ്ണ (21), ശ്രീകാന്ത് റെഡ്ഡി (35), സുരേഷ് യാദവ് (34), രുദ്ര വികാസ് (39), രാജേന്ദ്ര റെഡ്ഡി (45) എന്നിവരാണ് മരിച്ചത്. എല്ലാവരും പഴയ രാമന്തപൂർ പ്രദേശവാസികളാണ്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഉപ്പൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.