സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഗവര്‍ണര്‍ രാജ്ഭവനിൽ ഇന്നലെ സംഘടിപ്പിച്ച അറ്റ്ഹോം വിരുന്നു സൽക്കാരത്തിൽ മുഖ്യമന്ത്രിയോ മന്ത്രിമാരോ പങ്കെടുത്തില്ല. പരിപാടിയിൽ മന്ത്രിസഭയിലെ എല്ലാവരേയും രാജ്ഭവൻ ക്ഷണിച്ചിരുന്നു. സംസ്ഥാന ചീഫ് സെക്രട്ടറി ഡോ : എ ജയതിലക് പരിപാടിയിൽ പങ്കെടുത്തിരുന്നു. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും സർക്കാര്യം തമ്മിലുള്ള അഭിപ്രായ ഭിന്നത തന്നെയാവാം മന്ത്രിസഭാംഗങ്ങൾ വിരുന്നിൽ നിന്നു വിട്ടുനിൽക്കാനുള്ള കാരണമെന്ന് വ്യക്തമാണ്.
വിഭജന ഭീതി ദിനം ആചരിക്കണം എന്ന രാജ്ഭവൻ്റെ സര്‍ക്കുലർ മന്ത്രിസഭ ഒന്നടങ്കം എതിർത്തിരുന്നു. ക്ഷണിക്കപ്പെടുന്ന വിശിഷ്ടാതിഥികൾക്കും പൗരപ്രമുഖൻമാർക്കും മറ്റുമായാണ് ഗവർണർ വിരുന്ന് സൽക്കാരം നടത്തുന്നത്. ഇതിൻ്റെ ചെലവിനായുള്ള തുക അനുവദിക്കണം എന്നാവശ്യപ്പെട്ട് ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ 15 ലക്ഷം രൂപ അറ്റ് ഹോം പരിപാടിക്കായി സർക്കാർ അനുവദിച്ചിരുന്നു. ചെലവുചുരുക്കൽ നിർദ്ദേശങ്ങളിൽ ഇളവ് വരുത്തിയാണ് ധനവകുപ്പ് ഹോസ്പിറ്റാലിറ്റി ചെലവുകൾ എന്ന ശീർഷകത്തിൽ 15 ലക്ഷം രൂപ അനുവദിച്ചത്.